തിരുവനന്തപുരം: കെൽട്രോൺ എംഡി ഹേമലതയെ മാറ്റി. അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസിക്കായി കെൽട്രോൺ നടത്തിയ ഓൺലൈൻ പരീക്ഷയുടെ ചോദ്യ പേപ്പർ വിവാദമായതോടെയാണ് നടപടി. കെൽട്രോണ്‍ ചെയർമാനായ നാരായണ മൂർത്തിക്കാണ് പുതിയ ചുമതല.
യേശുക്രിസ്‌തുവിന്‍റെ വരവിന് ശേഷം പ്രാധാന്യം നഷ്ടപ്പെട്ട ഹിന്ദു ദൈവം ഏതെന്നായിരുന്നു കെൽട്രോൺ നൽകിയ ചോദ്യം. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ, ഇന്ദ്രൻ എന്നീ നാല് ഉത്തര സൂചികകളും ചോദ്യത്തിനൊപ്പം നൽകിയിരുന്നു. ഈ ചോദ്യം വിവാദമായതിന് പിന്നാലെ ഏഷ്യൻ ഹിസ്റ്ററിയിലെ വേദിക് വിഭാഗത്തിലെ ചോദ്യമായിരുന്നു ഇതെന്ന വാദവുമായി കെൽട്രോൺ രംഗത്ത് വന്നിരുന്നു. എന്നാൽ ഒരു വിഭാഗത്തിന്‍റെ വിശ്വാസ ആചാരങ്ങളെ വൃണപ്പെടുത്തുന്നതാണ് ചോദ്യമെന്നും ഹൈന്ദവ ദേവീ-ദേവൻമാരെ അധിഷേപിക്കുന്ന ചോദ്യമാണെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.