തിരുവനന്തപുരം : കായിക മന്ത്രി വി അബ്‌ദുറഹിമാന്‍റെ പരാമർശം തെറ്റിദ്ധാരണയുടെ പുറത്താണെന്നും സംസ്ഥാനത്തെ കായിക വികസനത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ (കെസിഎ) സംഭാവനകൾ വലുതാണെന്നും കെസിഎ സംസ്ഥാന സെക്രട്ടറി വിനോദ് എസ് കുമാർ. കാര്യവട്ടത്ത് നടന്ന ഏകദിന മത്സരത്തിൽ കാണികൾ കുറഞ്ഞതിൽ കാരണക്കാർ കെസിഎ ആണെന്ന മന്ത്രിയുടെ പരാമർശത്തിനെതിരെ ഇടിവി ഭാരത് പ്രതിനിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിനുവന്ന ആളുകൾ സംഘാടനത്തെക്കുറിച്ച് യാതൊരു പരാതിയും പറഞ്ഞിട്ടില്ലെന്നും കെസിഎ ഭാരവാഹി ചൂണ്ടിക്കാട്ടി.
മന്ത്രി പറഞ്ഞതുപോലെ മെട്രോ നഗരങ്ങളേക്കാൾ വിനോദ നികുതി കേരളത്തിലധികമായതിന് കാരണം അപൂര്‍വമായി മാത്രം ഉണ്ടാകുന്ന മത്സരമായതിനാലാണ്. കൊല്‍ക്കത്ത പോലുള്ള നഗരങ്ങളിൽ മത്സരം ഇടയ്ക്കിടെ ഉണ്ടാവുന്നത് മൂലം അവർക്ക് നടത്തിപ്പിന്‍റെ ചെലവ് കുറവാണ്. കായിക വികസനത്തിനായി കേരളത്തിൽ വലിയ സംഭാവനകൾ കെസിഎ നടത്തുന്നുണ്ട്.
അണ്ടർ 19 വനിത ലോകകപ്പ് കളിക്കാൻ വയനാട്ടിൽ നിന്നുള്ള പെൺകുട്ടി ഉണ്ടെന്നുള്ളത് കെസിഎയുടെ സംഭാവനയാണ്. കെസിഎയുടെ ഫണ്ടുകൾ ക്രിക്കറ്റ് വികസനത്തിനുവേണ്ടി മാത്രമേ ചെലവഴിക്കാൻ പറ്റുകയുള്ളൂ എന്നുള്ള നിയമവും നിലവിലുണ്ട്. മറ്റ് കായിക സംഘടനകളിൽ അവകാശപ്പെടാൻ ഇല്ലാത്തത്രയും ദേശീയ മത്സരങ്ങൾ കളിക്കാൻ സൗകര്യമുള്ള 12 മൈതാനങ്ങൾ കെസിഎയുടെ കീഴിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.