തിരുവനന്തപുരം: ഇന്ന് കര്‍ക്കടകം ഒന്ന്, പിതൃപുണ്യം തേടിയുള്ള ബലിതർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുകയാണ്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലായി പുലര്‍ച്ചയോടെ തന്നെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു.
തിരുവനന്തപുരത്ത് ശംഖുമുഖം, തിരുവല്ലം, വര്‍ക്കല എന്നിവിടങ്ങളിലാണ് പ്രധാനമായും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. ശംഖുമുഖം തീരത്ത് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും നിരവധി വിശ്വാസികളാണ് ഇവിടേക്ക് ബലിതർപ്പണത്തിനായി എത്തുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ശംഖുമുഖത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്.
ശംഖുമുഖം തീരത്ത് കടലാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കർശനമായ സുരക്ഷ സംവിധാനങ്ങളോടുകൂടിയാണ് ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ശക്തമായ തിരയടിയുള്ളതിനാൽ കേരള പൊലീസിന്‍റെയും ലൈഫ് ഗാർഡുമാരുടെയും സിവിൽ ഡിഫൻസിന്‍റെയും കർശന നിരീക്ഷണവുമുണ്ട്. അതേസമയം, തിരുവനന്തപുരം ജില്ലയിൽ ഏറ്റവും അധികം ആളുകൾ ബലിതർപ്പണത്തിനായി എത്തുന്ന തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ഇത്തവണ ഒരേ സമയം 3,500 പേർക്ക് ബലിതർപ്പണം നടത്താനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പുലർച്ചെ 2:30 മുതലാണ് ഇവിടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. പുലർച്ചെ മുതൽ നിരവധി പേരാണ് ബലിതർപ്പണത്തിനായി ക്ഷേത്രത്തിലേക്ക് എത്തിയത്. ദേവസ്വം ബോർഡിൻ്റെ ഉൾപ്പെടെ പത്തോളം ബലി മണ്ഡപങ്ങളാണ് ശംഖുമുഖത്ത് സജ്ജീകരിച്ചിരിക്കുന്നത്.
സ്‌നാനത്തിനായി തീരത്തെ ഒരു ഭാഗം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ദേവസ്വം ബോർഡിന്‍റെ ലൈസൻസുള്ള 27 പുരോഹിതന്മാരെയാണ് പൂജാതി കർമ്മങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്. വർക്കല കടപ്പുറത്തെ ദേവസ്വം ബോർഡിന്‍റെ ബലിമണ്ഡപത്തിലും താൽക്കാലിക മണ്ഡപത്തിലും 16ന് രാത്രി 10:25 മുതൽ ബലിതർപ്പണം ആരംഭിച്ചു.
ദേവസ്വം ബോർഡ് നിയോഗിച്ചിട്ടുള്ള പുരോഹിതന്മാരാണ് ഇവിടെയും ദേവസ്വം ബോർഡ് ബലിത്തറകളിൽ കാർമികത്വം വഹിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകൾ, പൊലീസ്, ആരോഗ്യം, ഫയർഫോഴ്സ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ബലിതർപ്പണത്തിനായുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
പരശുരാമ സ്വാമി ക്ഷേത്രത്തിൽ നിലവിലുള്ള രണ്ട് ബലി മണ്ഡപങ്ങൾക്ക് പുറമേ ഏഴ് ബലി മണ്ഡപങ്ങൾ ക്ഷേത്രത്തിന് മുൻവശത്തും പുറത്തും നദിക്കരയിലും സജ്ജീകരിച്ചിട്ടുണ്ട്. തിരുവല്ലം ക്ഷേത്രത്തിൽ സ്ഥിരമായി ഉള്ള ജീവനക്കാർക്ക് പുറമേ സ്പെഷ്യൽ ഡ്യൂട്ടിക്കായി ദേവസ്വം ജീവനക്കാരെ നിയോഗിച്ചു. 300 താൽക്കാലിക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ബലി മണ്ഡപങ്ങൾക്ക് സമീപം പ്രത്യേക ടിക്കറ്റ് കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രസാദ വിതരണത്തിനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
ആലുവ ശിവക്ഷേത്രം, വയനാട് തിരുനെല്ലി പാപനാശം, മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലിതര്‍പ്പണത്തിനായി ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇവിടങ്ങളിലെല്ലാം തന്നെ വിപുലമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുലര്‍ച്ചയോടെ ആലുവയില്‍ ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകള്‍ രാവിലെ 11 മണിവരെ തുടരും. എണ്‍പതോളം ബലിത്തറകളാണ് ഇക്കുറി കര്‍ക്കടകവാവ് ബലിയോടനുബന്ധിച്ച് മണപ്പുറത്ത് സജ്ജീകരിച്ചിരിക്കുന്നത്. 40 ആചാര്യന്മാരും അവരുടെ സഹായികളും ഉള്‍പ്പടെ നൂറോളം പേരുടെ നേതൃത്വത്തിലാണ് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നത്.
More Read : Karkataka Vavu Bali | വിശ്വാസികള്‍ പിതൃസ്‌മരണയില്‍, ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു