തിരുവനന്തപുരം : കരമന കൂടത്തിൽ കുടുംബ സ്വത്ത് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിൽപത്രം അന്വേഷണ സംഘത്തിന് കൈമാറാൻ കോടതി ഉത്തരവ്.
ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൻ്റെ ആവശ്യപ്രകാരം വിൽപത്രത്തിലെ ഒപ്പുകളും മറ്റ് രേഖകളും ശാസ്‌ത്രീയമായി പരിശോധിക്കുന്നതിനാണ് രേഖകള്‍ കൈമാറുന്നത്. തിരുവനന്തപുരം രണ്ടാം അഡീഷണൽ സബ് കോടതിയുടെതാണ് ഉത്തരവ്.
മാനസിക രോഗിയായ ജയമാധവൻ നായരെ കബളിപ്പിച്ച് 33 സെന്‍റ് സ്ഥലവും വീടും സ്വന്തമാക്കിയെന്നാണ് കേസ്. വിൽപത്രപ്രകാരം ഉമാമന്ദിരത്തിന്‍റെ ഉടമസ്ഥാവകാശം ലഭിച്ചത് കേസിലെ ഒന്നാം പ്രതിയും കാര്യസ്ഥനുമായ രവീന്ദ്രൻ നായർക്കാണ്. ഈ വിൽപത്രം വ്യാജമായി തയ്യാറാക്കിയെന്നാണ് ആരോപണം.
2016 ഫെബ്രുവരി 15നാണ് വിൽപത്രം തയ്യാറാക്കിയത്. വിൽപത്രം അന്വേഷണ സംഘത്തിന് നൽകുന്നത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഇത് ഒരു സിവിൽ നടപടിയാണെന്നുമായിരുന്നു രവീന്ദ്രൻ നായരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
എന്നാൽ അന്വേഷണത്തിൻ്റെ ആവശ്യത്തിനായി വില്‍പത്രം പൊലീസിന് കൈമാറുന്നതിൽ നിയമപരമായി തടസമില്ലെന്ന് അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. പ്രേംകുമാർ മറുപടി നൽകി.
കുടുംബ കാര്യസ്ഥനും കോടതി ജീവനക്കാരനുമായ രവീന്ദ്രൻ നായരടക്കം 12 പേരെ പ്രതികളാക്കി ഒക്‌ടോബർ 17നാണ് കരമന പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‍തത്.