തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു (Kanam Rajendran Body In Thiruvananthapuram). കൊച്ചിയിൽ നിന്നും രാവിലെ 10.15ഓടെയാണ് പ്രത്യേക വിമാനത്തിൽ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും അടക്കം നിരവധി പേരാണ് തങ്ങളുടെ പ്രിയ നേതാവിന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ തടിച്ചു കൂടിയത്.
മുതിർന്ന നേതാക്കളായ മന്ത്രി ജി ആർ അനിൽ, പന്ന്യൻ രവീന്ദ്രൻ, പ്രകാശ് ബാബു അടക്കമുള്ളവര്‍ വിമാനത്താവളത്തിൽ എത്തി. കാനത്തിന്‍റെ മൃതദേഹം ആംബുലൻസിൽ വിമാനത്താവളത്തിന് പുറത്ത് എത്തിച്ചപ്പോൾ വൈകാരികമായ രംഗങ്ങളാണ് അരങ്ങേറിയത്. പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
വിമാനത്താവളത്തിൽ നിന്നും മൃതദേഹം പ്രത്യേക ആംബുലൻസിൽ പോലീസ് അകമ്പടിയോടെ പട്ടത്തെ പി എസ് സ്‌മാരകത്തിലേക്ക് കൊണ്ടുപോയി. ഇവിടെ പൊതുദർശനത്തിന് ശേഷം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി മൃതദേഹം കാനത്തിന്‍റെ കോട്ടയത്തെ വസതിയിലേക്ക് എത്തിക്കും. സിപിഐ ജില്ലാ കൗൺസിൽ ഓഫിസിലെ പൊതുദർശനത്തിന് ശേഷമായിരിക്കും വാഴൂരിലെ വീട്ടിൽ മൃതദേഹം എത്തിക്കുക (Kanam Rajendran Funeral).
ഇന്നലെ (ഡിസംബര്‍ 8) വൈകുന്നേരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാനം രാജേന്ദ്രന്‍ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അടുത്തിടെ, കാലിൽ ശസ്ത്രക്രിയ നടത്തിയതിന് തുടർന്ന് സഞ്ചാരത്തിന് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മൂന്ന് മാസത്തെ അവധി അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, നേതൃസ്ഥാനത്ത് കാനം തുടര്‍ന്നാല്‍ മതി എന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. ഇതിനിടെ ആയിരുന്നു അന്ത്യം. ഇന്നലെ ഉച്ചയോടെ ആയിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നാലെ ആരോഗ്യസ്ഥിതി കൂടുതൽ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. പ്രമേഹ ബാധിതനായി ചികിത്സയിൽ ആയിരുന്നപ്പോഴും സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് മടങ്ങിയെത്തുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നതാണ്.
1950 നവംബര്‍ 10നാണ് കാനം രാജേന്ദ്രന്‍റെ ജനനം. വാഴൂരില്‍ നിന്നും ഏഴ്, എട്ട് കേരള നിയമസഭകളിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എഴുപതുകളിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ആയിരുന്നു അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് എത്തിയത്. ട്രേഡ് യൂണിയൻ പ്രസ്ഥാന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വേളയിലായിരുന്നു കാനം രാജേന്ദ്രന്‍ സിപിഐ നേതൃരംഗത്തേക്ക് എത്തിയത്.
Also Read : 'കാന'മെന്ന കരത്തുറ്റ നേതാവ്; പ്രോജ്വലമായ രാഷ്ട്രീയ ജീവിതത്തിന് വിട
Also Read : വിടവാങ്ങിയത് ദീര്‍ഘ കാലം സിപിഐയെ നയിച്ച നേതാവ്, നേരിട്ട വിമര്‍ശനങ്ങളും വിവാദങ്ങളും നിരവധി