തിരുവനന്തപുരം: കാർക്കശ്യക്കാരനായ കമ്മ്യൂണിസ്റ്റ്, തന്‍റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന നേതാവ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇന്ന് സപ്‌തതി.
1950 നവംബർ 10നാണ് കാനം രാജേന്ദ്രന്‍റെ ജനനം. എവൈഎഫിലൂടെ രാഷ്ട്രീയ പ്രവേശനം. 23-ാം വയസ്സിൽ എവൈഎഫ് സംസ്ഥാന സെക്രട്ടറി. 28-ാം വയസിൽ സിപിഐ സംസ്ഥാന കൗൺസിലിൽ ഭാഗമാകുമ്പോൾ ആ പദവിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു കാനം രാജേന്ദ്രൻ. ഇപ്പോഴും ആ റെക്കോർഡ് തകർന്നിട്ടില്ല.
പി.കെ.വി, എം.എൻ ഗോവിന്ദൻ നായർ, സി.അച്യുതമേനോൻ, എൻ.ഇ ബാലറാം തുടങ്ങി എണ്ണം പറഞ്ഞ മഹരഥന്മാർക്കൊപ്പമായിരുന്നു കാനത്തിന്‍റെ തുടക്കം. കാനം എന്ന രാഷ്ട്രീയ നേതാവിനെ വളർത്തിയെടുക്കുന്നതിലും ഈ പ്രമുഖരോടൊപ്പമുള്ള പ്രവർത്തന പരിചയം മുതൽക്കൂട്ടായി. എ.ബി ബർദനൊപ്പം ദേശീയ നേതൃത്വത്തിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. 1982ലും 87ലും വാഴൂർ നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായി. പിന്നീട്, രണ്ടു തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2015ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി.
നയ വ്യതിയാനം ഉണ്ടാകാതെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിക്കുന്നതിൽ കാനമെന്ന കാർക്കശ്യകാരനായ സെക്രട്ടറി വഹിക്കുന്ന പങ്ക് നിസാരമല്ല. ഇടതു മുന്നണിയിലെ തിരുത്തൽ ശക്തി കാനം നേതൃത്വം നൽകുന്ന സിപിഐ തന്നെയാണ്. മാവോയിസ്റ്റ് വേട്ടയിൽ.. സ്പ്രിംഗ്ലർ കരാറിൽ... റൂൾസ് ഓഫ് ബിസിനസ് തിരുത്തുന്നതിലടക്കം ആ എതിർശബ്‌ദത്തെ രാഷ്ട്രീയ കേരളം കേട്ടിട്ടുണ്ട്. നിലവിൽ സിപിഐയിൽ കാനത്തിന് എതിർ ശബ്‌ദമില്ല. കാനം എന്ന കമ്മ്യൂണിസ്റ്റിനാകട്ടെ ജന്മദിനം ആഘോഷങ്ങളുടെ പതിവുമല്ല. സാധാരണ ദിവസം പോലെ ഇന്നും എം.എൻ സ്മാരകത്തിൽ തിരക്കുകളിലാണ് അദ്ദേഹം. ഇന്ന് വൈകിട്ട് എൽഡിഎഫ് യോഗത്തിലും കാനം രാജേന്ദ്രൻ പങ്കെടുക്കും.