തിരുവനന്തപുരം: 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യപ്രതി ചന്ദ്രന്‍ എന്ന മണിച്ചന്‍റെ മോചനം സംബന്ധിച്ച ഫയലില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മണിച്ചനടക്കം 33 പേരെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്ന് മന്ത്രിസഭ തീരുമാനിക്കുകയും ഫയല്‍ ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ ഈ ഫയലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ വിശദീകരണമാവശ്യപ്പെട്ട് മടക്കി. സര്‍ക്കാര്‍ വീണ്ടും വിശദീകരണമടങ്ങുന്ന ഫയല്‍ രാജ്ഭവനിലേക്കയച്ചു. ഈ ഫയലിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ ആസാദി കാ അമൃതിന്‍റെ ഭാഗമായണ് മണിച്ചനെ മോചിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന മണിച്ചനെ, നല്ല നടപ്പിനെ തുടര്‍ന്ന് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്ക് മാറ്റുകയായിരുന്നു. മണിച്ചനെ കൂടാതെ കൊലക്കേസ് പ്രതികളും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികളും മോചിപ്പിക്കാന്‍ തീരുമാനിച്ചവരുടെ പട്ടികയിലുണ്ട്. ദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിച്ചവര്‍, ജയില്‍ ഉപദേശക സമിതി പരിഗണിക്കാത്തവര്‍, രോഗം അലട്ടുന്നവര്‍, പുറത്തിറങ്ങിയാലും വീണ്ടും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടില്ല എന്നുറപ്പുള്ളവര്‍ എന്നിവരാണ് പട്ടികയിലുള്ളത്.
കല്ലുവാതുക്കല്‍ മദ്യ ദുരന്തം: 2000 ഒക്ടോബര്‍ 21നായിരുന്നു കല്ലുവവാതുക്കല്‍ മദ്യദുരന്തം. ദുരന്തത്തില്‍ 31 പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് കാഴ്‌ച നഷ്‌ടപ്പെടുകയും 600 പേര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്‌തു. വ്യാജമദ്യം നിര്‍മിച്ചതിനാണ് മണിച്ചന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
മണിച്ചന്‍റെ വീട്ടിലെ ഭൂഗര്‍ഭ അറകളിലായിരുന്നു വ്യാജമദ്യം തയ്യാറാക്കിയിരുന്നത്. മദ്യത്തിന് വീര്യം കൂട്ടാനായി സ്‌പിരിറ്റില്‍ മീഥൈല്‍ ആള്‍ക്കഹോള്‍ കലര്‍ത്തി വിതരണം ചെയ്യുകയായിരുന്നു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മണിച്ചനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ഇതിനുപുറമേ ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കല്‍, കാഴ്‌ച നഷ്‌ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷം കലര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍, സ്‌പിരിറ്റ് കടത്ത്, ചാരായ വില്‍പന എന്നിവയ്ക്കായി മറ്റൊരു ജീവപര്യന്തം ശിക്ഷ കൂടി കോടതി വിധിച്ചിരുന്നു. സെഷന്‍സ് കോടതി വിധിക്കെതിരെ മണിച്ചന്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ശിക്ഷ ഇളവുചെയ്യാന്‍ കോടതികള്‍ തയ്യാറായില്ല. ഇതിനകം 20 വര്‍ഷത്തെ തടവുശിക്ഷ മണിച്ചന്‍ അനുഭവിച്ചുകഴിഞ്ഞു.
മണിച്ചനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചിരിരുന്നു. ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മുദ്രവച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും കോടതി സ്വീകരിച്ചില്ല. സര്‍ക്കാരിന് പറയാനുള്ളത് സത്യവാങ്മൂലമായി സമര്‍പ്പിക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. മോചനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമനമെടുത്തതായി സുപ്രീകോടതിയെ അറിയിക്കുകയും ചെയ്‌തിരുന്നു.
Also Read കല്ലുവാതുക്കല്‍ മദ്യദുരന്തം: മണിച്ചനെ മോചിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാരിന്‍റെ ശിപാര്‍ശ