തിരുവനന്തപുരം: കല്ലമ്പലത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ അജി കുമാറിനെ കൊലപ്പെടുത്തിയത് ബിനു രാജ് ഒറ്റയ്‌ക്കെന്ന് പൊലീസ്. കഴിഞ്ഞ ഞായറാഴ്‌ച രാത്രി സുഹൃത്തുക്കൾ എല്ലാവരും പിരിഞ്ഞു പോയതിന് ശേഷം ബിനു രാജ് അജി കുമാറിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
ഇവർ തമ്മിൽ 10 വർഷം മുമ്പുണ്ടായ തർക്കമാണ് കൊല ചെയ്യാൻ ബിനു രാജിനെ പ്രേരിപ്പിച്ചത്. കൊലപാതകം നടത്താൻ ഉപയോഗിച്ച കത്തിയുൾപ്പടെ പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ പിടിയിലാകുമെന്നുറപ്പായ ബിനു രാജ് കഴിഞ്ഞ ചൊവാഴ്‌ച സൂപ്പർഫാസ്റ്റ് ബസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെ കൂടുതൽ ദുരൂഹതകളിലേക്ക് കേസ് നീങ്ങി.
ബിനു രാജ് അല്ലാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് സംശയിച്ചിരുന്നു. പല സുഹൃത്തുക്കളിലേക്കും അന്വേഷണം നീണ്ടിരുന്നു. എന്നാൽ ബിനു രാജ് ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
READ MORE കല്ലമ്പലത്ത് സുഹൃത്തുക്കളുടെ മരണം കൊലപാതകം; പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്‌തു
കഴിഞ്ഞ തിങ്കളാഴ്ചയാണ് അജികുമാറിനെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. അതേ സമയം അജികുമാറിന്‍റെ മരണത്തെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ രണ്ട് പേരെ പിക്കപ്പ് വാഹനമിടിപ്പിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്ത കേസിൽ സജീഷിന്‍റെ അറസ്റ്റ് കല്ലമ്പലം പൊലീസ് രേഖപ്പെടുത്തി.
അജിത്ത് എന്നയാളാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് പ്രമോദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.
READ MORE കല്ലമ്പലത്തെ സുഹൃത്തുക്കളുടെ മരണത്തിൽ ദുരൂഹത; കൊലപാതകമെന്ന് സംശയം