തിരുവനന്തപുരം: പോത്തൻകോട് കൊവിഡ് ബാധിച്ച് മരിച്ച മഞ്ഞമല സ്വദേശി അബ്‌ദുൾ അസീസിൻ്റെ മൃതദേഹം കല്ലൂർ ജുമാ മസ്‌ജിദിൽ സംസ്‌കരിച്ചു. ആരോഗ്യ വകുപ്പിൻ്റെ കർശന നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു സംസ്‌കാരം നടന്നത്. അഞ്ച് വോളണ്ടിയർമാർ,പള്ളിയിലെ ഇമാം ഉൾപ്പടെ ഏഴ് പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പത്തടി താഴ്‌ചയിൽ കുഴിയെടുത്താണ് സംസ്‌കാരം നടത്തിയത്. മൃതദേഹത്തിൽ നിന്നും പത്തടി മാറിയാണ് മയ്യിത്ത് നമസ്‌കാരം നടന്നത്.
സാധാരണ ഖബർ അടക്കുന്ന സ്ഥലത്ത് നിന്ന് മാറി ഒഴിഞ്ഞ സ്ഥലത്താണ് സംസ്‌കരിച്ചത്. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലാണ് സംസ്‌കാരം നടന്നത്. അതേസമയം കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് പോത്തൻകോട് സുരക്ഷ ശക്തമാക്കി. രണ്ടാഴ്‌ചക്കാലം അവശ്യ സർവ്വീസ് മാത്രം. നാല് പേരിൽ കൂടുതൽ റോഡിൽ കൂടി നിന്നാൽ പൊലീസ് ശക്തമായി നടപടി സ്വീകരിക്കും. ഇതിനായി പോത്തൻകോട് കൺട്രോൾ റൂം തുറക്കും. പോത്തൻകോട് പഞ്ചായത്ത് മുഴുവൻ അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു.