തിരുവനന്തപുരം : തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പാര്‍ട്ടിക്കോ ആര്‍എസ്എസിനോ പങ്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രാദേശിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം. വധം സംബന്ധിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പ്രസംഗത്തിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് തലശ്ശേരി മണ്ഡലം പ്രസിഡന്‍റും കൗണ്‍സിലറുമായ ലിജേഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ല. ഹരിപ്പാട് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശരത്തിനെയും കിഴക്കമ്പലത്ത് ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകനായ ദീപുവിനെയും അരുംകൊല ചെയ്തത് സിപിഎം ക്രിമിനലുകളാണ്.
തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ സിപിഎം നടത്തിയ ഈ കൊലപാതകങ്ങള്‍ മറച്ചുവയ്ക്കാനാണ് കോടിയേരി ബാലകൃഷ്‌ണന്‍ ആര്‍എസ്എസിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
Also Read: കൊലപാതകം നടത്തിയത് ആര്‍.എസ്.എസ് പരിശീലനം ലഭിച്ചവർ: കോടിയേരി ബാലകൃഷ്ണൻ
പിണറായി വിജയന്‍റെ തുടര്‍ഭരണത്തിന്‍റെ ഹുങ്കില്‍ സിപിഎം-സിഐടിയു-ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം സിഐടിയു പ്രവര്‍ത്തകര്‍ കച്ചവട സ്ഥാപനം പൂട്ടിക്കുകയും സാധനം വാങ്ങാന്‍ വന്നയാളെ തല്ലി ഓടിക്കുകയും ചെയ്‌ത സംഭവം രാജ്യത്ത് മുഴുവന്‍ ചര്‍ച്ചയായിരുന്നു.
കണ്ണൂരില്‍ തന്നെ തൊട്ടടുത്ത ദിവസം വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊന്ന സംഭവം ഞെട്ടലോടെയാണ് കേരളം കണ്ടത്. ബോംബ് എറിഞ്ഞതും മരിച്ചതും സിപിഎം പ്രവര്‍ത്തകരായിരുന്നു. ഇതെല്ലാം മറച്ചുവയ്ക്കാനാണ് തലശ്ശേരി കൊലപാതകം ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ കോടിയേരി ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.