തിരുവനന്തപുരം: CPM Leader Sandeep Murder പെരിങ്ങര സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്‍റെ കൊലപാതകം സിപിഎം തന്നെ ആസൂത്രണം ചെയ്‌തതെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് കൊലപാതകം സംബന്ധിച്ച് വിവരം നേരത്തെ അറിയാമായിരുന്നു. ഇത് അവരുടെ പ്രതികരണങ്ങളില്‍ നന്ന് വ്യക്തമാണ്.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എ.വിജയരാഘവന്‍ കൊപാതകത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് പ്രഖ്യാപിച്ചു. ഇത്രപെട്ടെന്ന് വിവരം ലഭിച്ചത് എങ്ങനെയെന്നത് ഗൗരവകരമാണ്. സിപിഎം പ്രാദേശിക നേതാവും സന്ദീപിന്‍റെ സുഹൃത്തും ആയ അഡ്വ മനു ഗുണ്ടാ സംഘങ്ങള്‍ ആണ് കൊലപാതകം നടത്തിയത് എന്ന് ഫേസ്ബുക്കില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഈ പോസ്‌റ്റ് പിന്നീട് പിന്‍വലിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശി ആയ സിപിഎം പ്രവര്‍ത്തകന്‍ മുഹമ്മദ് ഫൈസല്‍ എങ്ങനെയാണ് പ്രതിപ്പട്ടികയില്‍ വന്നത് എന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകേണ്ടതാണ്. പ്രവര്‍ത്തകന്‍റെ കൊലപാതകം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്‌റ്റില്‍ പോലും ആര്‍എസ്എസിനെ വിമര്‍ശിച്ചിട്ടില്ല.
സന്ദീപിന് നേരെയുണ്ടായത് ഗുണ്ടാ ആക്രമണമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് സിപിഎം ഇടപെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് തിരുത്തിക്കുകയാണ് ചെയ്‌തതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. യഥാര്‍ത്ഥ പ്രതികളെ പുറത്തെത്തിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കൊലപാതകത്തിലെ ഗൂഢാലോചനയിലും അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ALSO READ: kerala health department circular: മാധ്യമങ്ങൾക്ക് വിവരം നൽകരുത്; സർക്കുലറുമായി ആരോഗ്യവകുപ്പ്