തിരുവനന്തപുരം: സിപിഎം സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran on Palestine rally kozhikode). പലസ്‌തീൻ, ഹമാസ് എന്നൊക്കെ പറഞ്ഞാൽ പാവങ്ങൾക്ക് അരി വാങ്ങാനാവില്ലെന്നും കർഷകർക്ക് ലോൺ ലഭിക്കില്ലെന്നും ഹമാസ് നടത്തിയ ആക്രമണങ്ങളെ എന്താണ് മുഖ്യമന്ത്രി കാണാത്തതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇസ്ലാമിക ഭീകരവാദം ലോകത്ത് മുഴുവനുണ്ട്, എന്നാൽ പ്രീണന രാഷ്ട്രീയം മാത്രം പറയുന്ന മുഖ്യമന്ത്രി അത് കാണുന്നില്ലെന്നും സുരേന്ദ്രൻ തിരുവനന്തപുരത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
ചൈനക്കാർ ഖുറാൻ കൈവശം വച്ചാൽ പിടിച്ച് അകത്തിടുന്നവരാണ്. കോഴിക്കോട് മാത്രം എന്താണ് പലസ്‌തീൻ സമ്മേളനങ്ങൾ നടത്തുന്നത്? മറ്റ് മതസ്ഥരായ പുരോഹിതരെ ഇതിലേക്ക് വിളിക്കാത്തത് എന്തുകൊണ്ടാണ്? ഇത്തരം സമ്മേളനങ്ങളിലൂടെ സർക്കാർ നടത്തുന്നത് ജനവിരുദ്ധ നയങ്ങൾ മറച്ചുവയ്‌ക്കാനുള്ള ശ്രമമാണ്. മുസ്‌ലിങ്ങളോടുള്ള സ്നേഹമല്ലെന്നും വോട്ട് കിട്ടാനുള്ള തന്ത്രമാണ് ഇതെന്ന് എല്ലാവർക്കുമറിയാമെന്നും സുരേന്ദ്രൻ ആരോപിച്ചു.
നവകേരളയാത്രയ്ക്ക് കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി കൊണ്ടുപോവാൻ ശ്രമിച്ചാൽ ബിജെപി തടയും. കേരളത്തിലുള്ളത് സിപിഎമ്മിൻ്റെ അജണ്ടയിൽ വീഴുന്ന പ്രതിപക്ഷമാണ്. ചില്ലി കാശ് സംസ്ഥാന സർക്കാരിൻ്റെ കൈയിൽ ഇല്ല.
അതേസമയം, കേന്ദ്രം അനുവദിക്കുന്ന തുക ചിലവഴിക്കുന്നുമില്ല. കേരളത്തിനാണ് ഏറ്റവും കൂടുതൽ റവന്യൂ ഡെഫിസിറ്റി ഗ്രാൻഡ് ലഭിച്ചത്. കേരളം, കേന്ദ്ര സഹായം ഇല്ലെങ്കിൽ പട്ടിണിയാവും. ധനകാര്യ മിസ് മാനേജ്മെൻ്റാണ് കേരളത്തിൽ നടക്കുന്നത്. 40,000 കോടി രൂപയെങ്കിലും സംസ്ഥാനം നികുതി പിരിക്കാനുണ്ട്. വൻകിടക്കാരിൽ നിന്നും നികുതി പിരിക്കാത്തത് മാസപ്പടി കൊടുക്കുന്നവരായതുകൊണ്ടാണ്. ഇതെല്ലാം മറച്ചുവയ്‌ക്കാനാണ് പിണറായി കോഴിക്കോട് പലസ്‌തീൻ സമ്മേളനം നടത്തിയതെന്നും സുരേന്ദ്രൻ ആരോപിച്ചു (K Surendran against Pinarayi Vijayan).
കർഷകർക്കും പാവങ്ങൾക്കും രക്ഷയില്ല: പിണറായി സർക്കാരിൻ്റെ ഭരണത്തിൽ കർഷകർക്കും പാവങ്ങൾക്കും രക്ഷയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ലൈഫ് പദ്ധതിയിൽ വീടിനുള്ള പണം സർക്കാർ നൽകാത്തതിനാൽ ഓമല്ലൂരിൽ ഗോപി എന്നയാൾ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് കെ സുരേന്ദ്രന്‍റെ പ്രതികരണം.
വീടില്ലാത്തവർക്കെല്ലാം വീട് കൊടുക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുകയാണ് സംസ്ഥാന സർക്കാർ. സർക്കാരിൻ്റെ കയ്യിൽ കെട്ടിക്കിടക്കുന്നത് വീടിന് വേണ്ടിയുള്ള ഏഴ് ലക്ഷം പേരുടെ അപേക്ഷകളാണ്. തെരഞ്ഞെടുപ്പ് സമയമാകുമ്പോൾ ആവർത്തിച്ച് അപേക്ഷകൾ വാങ്ങുന്നതല്ലാതെ ആർക്കും വീട് നൽകുന്നില്ല. കേരളീയം, ഹെലികോപ്റ്റർ, വിദേശയാത്രകൾ എന്നൊക്കെ പറഞ്ഞ് കോടികൾ ധൂർത്തടിക്കുന്ന സർക്കാർ പാവപ്പെട്ടവർക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേന്ദ്ര സർക്കാർ നെൽകർഷകന് നെല്ലിൻ്റെ സംഭരണത്തിലെ 75% തുകയും നൽകി. സംസ്ഥാന വിഹിതം നൽകാത്ത പിണറായി സർക്കാർ കേന്ദ്രത്തിന്‍റെ പണം നൽകുന്നില്ല.
പമ്പയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ശ്രമവും സർക്കാർ നടത്തുന്നില്ല: 2018ലെ പ്രളയത്തിൽ തകർന്ന പമ്പയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ശ്രമവും സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. തീർഥാടകരോടുള്ള സർക്കാരിൻ്റെ അവഗണന തുടരുകയാണ്. സീസണോട് അനുബന്ധിച്ച് അടിയന്തരമായി ചെയ്‌ത് തീർക്കേണ്ട ജോലികളൊന്നും പൂർത്തീകരിച്ചിട്ടില്ല. പമ്പ സ്‌നാനം ചെയ്യുന്നതിനുള്ള കുളിക്കടവുകൾ വൃത്തിയാക്കിയിട്ടില്ല.
ദേവസ്വം ബോർഡിന്‍റെ അധീനതയിലുള്ള റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞു. സ്വന്തക്കാർക്ക് വേണ്ടി ടെൻഡർ നടപടികൾ വൈകിപ്പിച്ച് ഇഷ്‌ടമുള്ള ആളിനെ കൊണ്ട് വർക്ക് ചെയ്യിപ്പിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പമ്പയിൽ നിന്നും പെരുനാട്ടിൽ നിന്നും സീതത്തോട്ടിൽ നിന്നും ടാങ്കർ മാർഗം കുടിവെള്ളമെത്തിക്കുന്നത് തിരുവനന്തപുരത്തെ കരാറുകാരന് വേണ്ടിയാണ്.
നിലയ്ക്കൽ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ബസ്സിൽ കയറുന്ന അയ്യപ്പഭക്തർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരികയാണെന്നും തിരിച്ച് പമ്പയിൽ നിന്നും കയറുമ്പോഴും ഇതേ പ്രശ്‌നങ്ങൾ ആവർത്തിക്കുകയാണെന്നും ഇരട്ടിയിലധികം ബസ് ചാർജ് ആണ് വാങ്ങുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.