തിരുവനന്തപുരം : ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കുമേല്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ എ.രാജയ്ക്ക് പത്തുദിവസം സമയപരിധി അനുവദിച്ചിരുന്നു. എന്നാല്‍ അനുകൂല ഉത്തരവ് സുപ്രീംകോടതിയില്‍ നിന്ന് ലഭിക്കാത്ത സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമം 107-ാം വകുപ്പ് പ്രകാരം അദ്ദേഹം അയോഗ്യനായതിനാല്‍ ഹൈക്കോടതി വിധി പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ കെ.സുധാകരന്‍ കത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുകയായിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 20നാണ് ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കിയത്. ഇടതുസ്ഥാനാര്‍ഥി എ.രാജ തെറ്റായ ക്രിസ്‌തീയ രേഖകള്‍ സമര്‍പ്പിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡി.കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. രാജ വിചാരണ നേരിടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ക്രിസ്‌തുമത വിശ്വാസികളായ അന്തോണി, എസ്‌തര്‍ ദമ്പതികളുടെ മകനായി ജനിച്ച രാജയുടെ ഭാര്യ ഷൈനിയും ക്രിസ്‌തുമത വിശ്വാസിയാണെന്നും ക്രൈസ്‌തവ വിശ്വാസപ്രകാരമാണ് ഇവരുടെ വിവാഹം നടന്നതെന്നും ഡി.കുമാര്‍ ആരോപിച്ചിരുന്നു.
Also read: ദേവികുളം തെരഞ്ഞെടുപ്പ് വിധി: രണ്ട് ദിവസത്തിനകം സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ രാജ
കോടതിയുടെ നിരീക്ഷണങ്ങള്‍: ഇതുപരിഗണിച്ച ഹൈക്കോടതി രാജ ഹിന്ദു മതവിഭാഗത്തിൽപ്പെട്ടയാളാണെന്ന് പറയാനാകില്ലെന്നും പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നും വ്യക്തമാക്കിയിരുന്നു. രാജയുടെ നാമനിര്‍ദേശം റിട്ടേണിങ് ഓഫിസര്‍ തള്ളേണ്ടതായിരുന്നുവെന്നറിയിച്ച കോടതി, ഉത്തരവിന്‍റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മിഷനും നിയമസഭ സ്‌പീക്കര്‍ക്കും സംസ്ഥാന സർക്കാരിനും കൈമാറണമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റിൽ വിജ്ഞാപനം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. മാട്ടുപ്പെട്ടി കുണ്ടള സിഎസ്ഐ പള്ളിയിലെ കുടുംബ രജിസ്‌റ്ററിലെ രാജയുടെ വിവാഹ ഫോട്ടോയുള്‍പ്പടെ പരിശോധിച്ചായിരുന്നു കോടതി ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
Also Read: ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ വിധിക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ
മുമ്പേ എറിഞ്ഞ് കോണ്‍ഗ്രസ്: എന്നാല്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിന്‍റെ തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്‍റെ വിധിക്ക് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിരുന്നു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് 10 ദിവസത്തെ സമയം അനുവദിച്ചുകൊണ്ടാണ് സ്റ്റേ അനുവദിച്ചത്. ഈ 10 ദിവസം മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സംഭവത്തിന് പുതിയ രാഷ്ട്രീയ മാനം പകര്‍ന്നുകൊണ്ട് കോണ്‍ഗ്രസ് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് രംഗത്തുവന്നതെന്നത് ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത് മുമ്പും : എന്നാല്‍ വിവിധ അയോഗ്യതകള്‍ പരിഗണിച്ച് സംസ്ഥാനത്ത് ഇതിന് മുമ്പും ഇത്തരത്തില്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ദേവികുളം മണ്ഡലത്തിലെ നിയമസഭാംഗത്വം റദ്ദാക്കപ്പെടുന്നത് തന്നെ ഇത് രണ്ടാം തവണയാണ്. ഇതിന് മുമ്പ് 1957 ലായിരുന്നു ഇതിന് സമാനമായ സംഭവം നടന്നിരുന്നത്. അന്ന് ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന റോസമ്മ പുന്നൂസിന്‍റെ അംഗത്വമാണ് കോടതി റദ്ദാക്കിയിരുന്നത്. എന്നാല്‍ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ റോസമ്മ പുന്നൂസ് വീണ്ടും വിജയിച്ചുകയറുകയായിരുന്നു.