തിരുവനന്തപുരം : തലശേരി ബിഷപ്പിന്‍റെ വിവാദ പരാമര്‍ശത്തോടെ വീണ്ടും ചര്‍ച്ചയായ റബ്ബര്‍ വിലയിടിവില്‍ വിവിധ രാഷ്‌ട്രീയ കക്ഷികള്‍ പരസ്‌പരം പഴിചാരല്‍ തുടരുന്നതിനിടെ കേരള കോണ്‍ഗ്രസ് എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കനത്ത വിലയിടിവ് കാരണം സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെയാണ് റബ്ബര്‍ കര്‍ഷകര്‍ കടന്നുപോകുന്നത്. ഈ സമയത്ത് അവരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേരള കോണ്‍ഗ്രസ് എം പൂര്‍ണമായി പരാജയപ്പെട്ടതായി സുധാകരന്‍ ആരോപിച്ചു.
കർഷക പാർട്ടികളും മാറുന്നു : ഇതിലൂടെ ഇടത് കൂടാരത്തിലിരുന്ന് അവര്‍ സ്വന്തം ശവക്കല്ലറ തീര്‍ക്കുകയാണ്. കര്‍ഷകരെ വര്‍ഗ ശത്രുക്കളായി കാണുന്ന കമ്മ്യൂണിസ്റ്റുകാരോടൊപ്പമുള്ള സഹവാസം കര്‍ഷക പാര്‍ട്ടിയെയും അതേ വാര്‍പ്പിലാക്കി. സാമ്പത്തികമായി തകര്‍ന്ന സ്വന്തം അണികള്‍ കയറും കീടനാശിനിയും എടുക്കുമ്പോള്‍ അധികാരത്തിന്‍റെ ശീതളിമയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസിനെതിരായ ജനരോഷം എത്രനാള്‍ കണ്ടില്ലെന്ന് നടിക്കാനാകും.
റബ്ബറിന് 250 രൂപ ഉറപ്പാക്കും എന്ന് പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്‌ത് അധികാരമേറ്റ പിണറായി വിജയന്‍ വില 125ലെത്തിയിട്ടും ചെറുവിരലനക്കിയില്ല. ഇവിടെയാണ് കര്‍ഷക വഞ്ചനയുടെ ചുരുള്‍ നിവരുന്നത്. റബ്ബര്‍ വില താഴാവുന്നതിന്‍റെ പരമാവധി താഴ്‌ന്നിട്ടും കേരള കോണ്‍ഗ്രസ് എമ്മിന് ഒന്ന് മുന്നണിയിലിരുന്ന് നിലവിളിക്കാന്‍ പോലും സാധിക്കുന്നില്ല.
ഫണ്ടിന്‍റെ പകുതി പോലും ചെലവാക്കിയിട്ടില്ല : റബ്ബര്‍ വിലസ്ഥിരത ഫണ്ടിലേക്ക് 2022-23 വര്‍ഷം 500 കോടി രൂപ വകയിരുത്തിയിട്ട് ചെലവാക്കിയത് വെറും 33.195 കോടി രൂപയാണെന്ന് പി പ്രസാദ് കേരളനിയമസഭയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി നല്‍കി കേരള ജനതയെ ഞെട്ടിച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്കായി മാറ്റി വച്ച തുകയുടെ ആറ് ശതമാനം പോലും സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും ചെലവഴിക്കാത്ത പിണറായി സര്‍ക്കാരിനെ പച്ചമടല്‍ വെട്ടി അടിക്കുകയാണ് വേണ്ടത്. റബ്ബര്‍ കര്‍ഷകരുടെയും മലയോര കര്‍ഷകരുടെയും താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെടുകയും കേരള കോണ്‍ഗ്രസ് മുഖം തിരിച്ചുനില്‍ക്കുകയും ചെയ്യുന്നതിനിടയിലാണ് ചിലര്‍ ബിജെപിയോട് അടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.
ജനാധിപത്യ മതേതര ചേരിയില്‍ ഉറച്ചുനിന്ന ഒരു ജനസമൂഹത്തെ ബിജെപി പാളയത്തിലെത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ ആശിര്‍വാദത്തോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള പല ഡീലുകളിലൊന്നാണിത്. 2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് റബ്ബറിന് വിലസ്ഥിരത ഫണ്ട് ഏര്‍പ്പെടുത്തിയത്.
യുഡിഎഫ് സർക്കാർ വില ഉയർത്തുമായിരുന്നു : യുഡിഎഫ് സര്‍ക്കാരാണ് ഇന്ന് കേരളം ഭരിച്ചിരുന്നതെങ്കില്‍ റബ്ബറിന് 250 രൂപയെങ്കിലും ഉണ്ടാകുമായിരുന്നുവെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും. ലാവ്‌ലിന്‍ കേസ് 30 തവണയെങ്കിലും മാറ്റി വയ്‌പിക്കാനും സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തടയിടാനും കഴിഞ്ഞ പിണറായി വിജയന് എന്തുകൊണ്ട് റബ്ബര്‍ ഇറക്കുമതി നിര്‍ത്തലാക്കാനായില്ല. റബ്ബര്‍ വില താഴോട്ടുവീഴുകയും ടയര്‍ വില വാണം പോലെ കുതിക്കുകയും ചെയ്യുമ്പോള്‍ കര്‍ഷകരെ വഞ്ചിച്ച ചരിത്രം മാത്രമുള്ള ബിജെപിയെ കര്‍ഷകര്‍ക്ക് എങ്ങനെ വിശ്വസിക്കാനാകുമെന്നും സുധാകരന്‍ പ്രസ്‌താവനയില്‍ ചോദിച്ചു.