തിരുവനന്തപുരം: കുറുക്കന്‍ കോഴിയുടെ സുഖാന്വേഷണം നടത്താന്‍ വരുന്നത് പോലെയാണ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ക്രിസ്ത്യന്‍, മുസ്‌ലിം വീടുകളില്‍ കയറിയിറങ്ങുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഈസ്റ്ററിന് ക്രിസ്ത്യന്‍ വീടുകളില്‍ കയറുകയും ബിഷപ്പുമാരെ സന്ദര്‍ശിക്കുകയും ചെയ്‌തതിന് പിന്നാലെ ഇപ്പോള്‍ ഈദുല്‍ ഫിത്തറിന് മുസ്‌ലിം ഭവനങ്ങള്‍ സന്ദര്‍ശിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇക്കാലമത്രയും മുസ്‌ലിംകളെ ശത്രുക്കളായി കരുതുകയും അവരോട് എണ്ണിയാലൊടുങ്ങാത്ത പാതകങ്ങള്‍ കാട്ടുകയും ചെയ്‌തതിന് പിന്നാലെ ഇത്തരം പ്രചാരണ പരിപാടികള്‍ കാണുമ്പോള്‍ പുള്ളിപ്പുലിയുടെ പുള്ളി എത്ര മായ്ച്ചാലും മായില്ലെന്ന സത്യമാണ് ഓര്‍മ വരുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.
ആദ്യം വിഷയങ്ങളില്‍ ബിജെപി വ്യക്തത വരുത്തട്ടെ: മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വിവേചനത്തോടെ 2019ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്നൊരു ഉറപ്പ് പോലും നല്‍കാതെയാണ് ഭവന സന്ദര്‍ശനത്തിന് ഇറങ്ങി തിരിച്ചിരിക്കുന്നത്. എന്‍ആര്‍സി നടപ്പാക്കല്‍, കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കല്‍, ഗുജറാത്ത് കലാപം, അയോധയില്‍ രാമ ക്ഷേത്ര നിര്‍മാണം, ഏകീകൃത സിവില്‍ നിയമം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, രാജ്യത്തുണ്ടായ നിരവധി കലാപങ്ങള്‍ തുടങ്ങി മുസ്‌ലിം സമുദായത്തെ ഏറെ ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളില്‍ വ്യക്തത വരുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളോട് ആദ്യം മാപ്പിരക്കണം ബിജെപി: കേരളത്തിലെ ക്രിസ്ത്യന്‍, മുസ്‌ലിം സാമുദായ അംഗങ്ങള്‍ക്ക് ഇടയിലേക്ക് സൗഹൃദ സന്ദര്‍ശന രൂപേണ ബിജെപി കടന്ന് കയറ്റം നടത്തുന്നതിന് പിന്നിലെ ദുഷ്‌ടലാക്ക് അധികാരം പിടിച്ചെടുക്കാനാണ്. ബിജെപി കാട്ടുന്ന കപട സ്‌നേഹത്തിന് പിന്നിലെ ആത്മാര്‍ഥത ഇല്ലായ്‌മ തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ന്യൂനപക്ഷ സഹോദരങ്ങള്‍ക്കുണ്ട്. നാളിതുവരെ രാജ്യത്തെ ന്യൂനപക്ഷ സമുദായ അംഗങ്ങളോട് കാട്ടിയ കൊടും ക്രൂരതകള്‍ക്ക് പരസ്യമായി മാപ്പിരക്കുകയാണ് ബിജെപി നേതൃത്വം ആദ്യം ചെയ്യേണ്ടത്.
രാജ്യത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കി രക്തപ്പുഴ ഒഴുക്കിയപ്പോള്‍ സമാധാനവും സഹവര്‍ത്തിത്വവും കാത്ത് സൂക്ഷിച്ച സംസ്ഥാനമാണ് കേരളം. സംഘ്പരിവാര്‍ ശക്തികളെ അകറ്റി നിര്‍ത്തിയത് കൊണ്ട് മാത്രമാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാനായത്. അതില്‍ വിള്ളല്‍ വീഴ്ത്താന്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായപ്പോലെ കടന്ന് വരുന്ന വര്‍ഗീയ ശക്തികളെ തിരിച്ചറിയാനും ആട്ടിപ്പായിക്കാനും ജനാധിപത്യ മതേതരത്വ കേരളത്തിന് സാധിക്കുമെന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
വീട് സന്ദര്‍ശനത്തിന് നിര്‍ദേശവുമായി പ്രഭാരി പ്രകാശ് ജാവദേക്കര്‍: പെരുന്നാള്‍ ദിനത്തില്‍ മുസ്‌ലിം മത വിശ്വാസികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി കേരളത്തിന്‍റെ ബിജെപി ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കര്‍. അതേസമയം വിഷുവിനാകട്ടെ ഹിന്ദു മത വിശ്വാസികളുടെ വീടുകളിലെത്തി വിഷു കൈനീട്ടം നല്‍കാനും നിര്‍ദേശം.