തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള 19 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ തിളക്കമാര്‍ന്ന വിജയത്തില്‍ അഭിമാനം കൊള്ളുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഉപതെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ വിജയം യുഡിഎഫിന്‍റെ ബഹുജനാടിത്തറ ഭദ്രമാണ് എന്നതിന്‍റെയും എല്‍ഡിഎഫിനെതിരെയുള്ള ജനരോഷത്തിന്‍റെയും തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ജനദ്രോഹ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും പിന്മാറിയില്ലെങ്കില്‍ വലിയ തിരിച്ചടികളാണ് കാത്തിരിക്കുന്നതെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.
വിജയം ഒന്‍പത് സീറ്റുകളില്‍: 19 വാര്‍ഡുകളില്‍ ഒന്‍പത് സീറ്റുകളിലാണ് യുഡിഎഫ് വിജയം നേടിയത്. നിലവില്‍ ഏഴ് സീറ്റാണ് യുഡിഎഫിന് ഉണ്ടായിരുന്നത്. കണ്ണൂരിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി വാര്‍ഡും പത്തനംതിട്ട മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡും പാലക്കാട് മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പളം വാര്‍ഡും എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.
യുഡിഎഫിന്‍റെ സ്വതന്ത്രസ്ഥാനാര്‍ഥികള്‍ മുതലമടയിലും പെരുങ്ങോട്ടുകുറിശ്ശിയിലും വിജയിച്ചു. ഓരോ തെരഞ്ഞെടുപ്പ് കഴിയും തോറും കേരള രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രസക്തി തന്നെ ഇല്ലാതായി. അഴിമതിയും സ്വജനപക്ഷപാതവും നികുതി ഭീകരതയും നടപ്പാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ച സര്‍ക്കാരിന്‍റെ ദുര്‍ഭരണത്തിനെതിരേ ജനങ്ങളുടെ താക്കീതും പ്രതിഷേധവുമാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ പോലും അവരെ ജനം വെറുത്തു തുടങ്ങിയെന്നും സുധാകരന്‍ പ്രതികരിച്ചു. യുഡിഎഫിന്‍റേത് തിളക്കമാര്‍ന്ന ജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. ഏഴു സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒന്‍പതിലേയ്‌ക്ക് ഉയര്‍ന്നു.
'കൈ'വിടാതെ കോട്ടയം: കോട്ടയം നഗരസഭ ഭരണം നിലനിര്‍ത്താനും സാധിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതിക്കും നികുതിക്കൊള്ളയ്ക്കും ലഹരി-ഗുണ്ട മാഫിയകളുമായുള്ള ബന്ധത്തിനുമെതിരെ യുഡിഎഫ് നടത്തുന്ന പ്രചാരണത്തിന് ലഭിച്ച അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. വര്‍ഗീയത വിതച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്നവര്‍ക്ക് കേരളത്തില്‍ ഇടമില്ലെന്നു കൂടി വ്യക്തമാക്കുന്നതാണ് ഈ വിജയം.
അടുത്തിടെ നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളിലെ ഉജ്ജ്വല വിജയത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴും ഉണ്ടായത്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ യുഡിഎഫിനും കോണ്‍ഗ്രസിനും ആത്മവിസ്വാസം പകരുന്നതാണ്. ഇനി വരുന്ന തെരഞ്ഞെടുപ്പുകളിലും ഈ വിജയകുതിപ്പ് തുടരാന്‍ കഴിയണം. യുഡിഎഫ് സ്ഥാനാര്‍ഥികളെ അംഗീകരിച്ച വോട്ടര്‍മാരെ ഹൃദയാഭിവാദ്യം ചെയ്യുന്നതായും സതീശന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
അഴിമതി സര്‍ക്കാരെന്ന് സതീശന്‍: അതേസമയം, സര്‍ക്കാരിന്‍റെ മുഖമുദ്ര ധൂര്‍ത്തും അഴിമതിയുമാണെന്ന് വിഡി സതീശന്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രിക്ക് പോലും അറിയില്ലെന്നും വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയില്‍ പ്രതിപക്ഷം ബിജെപിയ്‌ക്കൊപ്പം ആണെന്നുള്ള വിചിത്രമായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍, ഇക്കാര്യത്തില്‍ തങ്ങള്‍ അഭിപ്രായം പോലും പറഞ്ഞിട്ടില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറയ്‌ക്കാനുള്ള കാരണം മനസിലാക്കാനുള്ള ശ്രമം പോലും മുഖ്യമന്ത്രി നടത്തിയില്ല.
ചെല്ലും ചെലവും കൊടുത്ത് എത്ര പേരെയാണ് ഡല്‍ഹിയില്‍ നിയമിച്ചിട്ടുള്ളത്. അതിലൊരാള്‍ക്ക് ഒരു ഓട്ടോയെടുത്ത് ധനകാര്യ മന്ത്രാലയത്തില്‍ പോയി അന്വേഷിച്ചു കൂടെയെന്നും സതീശന്‍ ചോദിച്ചു. പുറത്ത് കടമെടുത്താലും ബജറ്റിനകത്തേക്ക് ഇത് ബാധ്യതയായി വരുമെന്നും, സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ വരുമെന്നും, അത് അപകടകരമാണെന്നും ആദ്യം മുന്നറിയിപ്പ് നല്‍കിയത് പ്രതിപക്ഷമാണെന്ന് സതീശന്‍ പറഞ്ഞു.