തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ച ശശി തരൂരിന് കേരളത്തില്‍ നിന്നും പിന്തുണ. പ്രതീക്ഷിച്ചതില്‍ നിന്ന് വിരുദ്ധമായി യുവ നേതാക്കളായ കെ എസ് ശബരീനാഥനും മാത്യു കുഴല്‍നാടനും തരൂരിന് പിന്തുണ പ്രഖ്യാപിച്ചു. അഞ്ച് കാരണങ്ങള്‍ നിരത്തിയാണ് എന്തുകൊണ്ട് താന്‍ തരൂരിനെ പിന്തുണയ്ക്കുന്നു എന്ന കാര്യം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ ശബരീനാഥന്‍ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.
കോണ്‍ഗ്രസിന്‍റെ പ്രത്യയ ശാസ്ത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഇത്ര കൃത്യമായി പറയാന്‍ കഴിയുന്ന മറ്റൊരു നേതാവ് ഇല്ല എന്നതാണ് ശബരിനാഥന്‍ മുന്നോട്ടു വയ്ക്കുന്ന ആദ്യ കാരണം. ബിജെപി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ അദ്ദേഹത്തിന്‍റെ മതനിരപേക്ഷ നിലപാടുകള്‍ക്ക് കഴിയും. വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ കോര്‍ത്തിണക്കാന്‍ അദ്ദേഹത്തിന് സാധിക്കും.
തന്‍റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്‌ചകളില്‍ ഒരിക്കലും അദ്ദേഹം പാര്‍ട്ടിയെ കുറ്റപ്പെടുത്തിയിട്ടില്ല. വ്യത്യസ്‌തമായ രീതിയിലാണെങ്കിലും അദ്ദേഹം നൂറു ശതമാനം കോണ്‍ഗ്രസുകാരനാണ്. തരൂരിനൊപ്പമുള്ള അനുഭവത്തിന്‍റെ വെളിച്ചത്തില്‍ അദ്ദേഹം കൂട്ടായ പരിശ്രമത്തില്‍ വിശ്വസിക്കുകയും അത്തരം രീതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളായി തോന്നിയിട്ടുണ്ട്.
അധ്യക്ഷ സ്ഥാനത്തിരുന്ന് മുഴുവന്‍ നേതാക്കളെയും കൂട്ടിയിണക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ക്ക് ശേഷം 125 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു മലയാളി മത്സരിക്കുമ്പോള്‍ അത് മലയാളികള്‍ക്കാകെ അഭിമാനമാണ്. തരൂരിന് വിജയാശംസകള്‍ നേരുന്നതായും വിദ്വേഷമില്ലാതെ ചെളിവാരിയെറിയാതെ സുതാര്യമായ ഒരു തെരഞ്ഞെടുപ്പ് നടക്കട്ടെ എന്നും ശബരീനാഥന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
ശശി തരൂരിനെ പിന്തുണയ്ക്കുമെന്ന് മാത്യു കുഴല്‍നാടനും വ്യക്തമാക്കിയിട്ടുണ്ട്. നെഹ്‌റു കുടംബം പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിക്ക് കേരളം ഒന്നടങ്കം വോട്ട് ചെയ്യും എന്ന ധാരണയ്ക്കാണ് ഇതോടെ തിരിച്ചടി നേരിടുന്നത്.
Also Read: കോണ്‍ഗ്രസ് അധ്യക്ഷനാവാൻ ഖാര്‍ഗെയും; ശശി തരൂര്‍ ഇന്ന് പത്രിക നല്‍കും