തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ ട്രസ്റ്റിനു കീഴിലെ ഗോശാലയിലെ കന്നുകാലികള്‍ ദുരിതാവസ്ഥയിൽ. കന്നുകാലികള്‍ ഭക്ഷണവും വേണ്ടത്ര പരിചരണവും ഇല്ലാതെ നരകിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ മൃഗസംരക്ഷണ വകുപ്പ് നടപടി തുടങ്ങി.
മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ ക്ഷീര വകുപ്പ് ഉദ്യോഗസ്ഥര്‍ ഗോശാല സന്ദര്‍ശിച്ചു. ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കന്നുകാലികള്‍ക്ക് ആവശ്യമായ കാലിത്തീറ്റയും പുല്ലും അടക്കമുള്ള ഭക്ഷണം അടിയന്തരമായി സര്‍ക്കാര്‍ ഉറപ്പാക്കും. ഇവയെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ സംഘത്തെ അയക്കുമെന്നും മന്ത്രി അറിയിച്ചു. ട്രസ്റ്റിന്‍റെ നിലപാട് അറിഞ്ഞ ശേഷം ആവശ്യമെങ്കില്‍ പശുക്കളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.
ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് പാലു നല്‍കുന്നതിനായി 2013 ലാണ് നടനും എം.പിയുമായ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ട്രസ്റ്റ് രൂപികരിച്ച് ഗോശാല ആരംഭിച്ചത്. നിര്‍മ്മാതാവ് സുരേഷ് കുമാര്‍ അടക്കം സിനിമ മേഖലയിലെ പ്രമുഖരുള്‍പ്പടെ ട്രസ്റ്റില്‍ അംഗങ്ങളുമാണ്. 36 കന്നുകാലികളാണ് നിലവിൽ ഗോശാലയില്‍ ഉള്ളത്. ട്രസ്റ്റ് തിരിഞ്ഞു നോക്കാതായതോടെ ഭക്ഷണം കിട്ടാതെ എല്ലും തോലുമായ നിലയിലാണ് ഇവയെല്ലാം. പത്മനാഭ സ്വാമി ക്ഷേത്രം ഗോശാല ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടും വിട്ടു കൊടുക്കാന്‍ ട്രസ്റ്റ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ക്രൂരത പുറത്തായതോടെ കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഗോശാല സന്ദര്‍ശിച്ചിരുന്നു.