തിരുവനന്തപുരം: തലസ്ഥാനത്ത് സമൂഹ വ്യാപനത്തിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. നിരവധി ആളുകളാണ് പല ആവശ്യങ്ങൾക്കായി തലസ്ഥാനത്ത് എത്തുന്നത്. കൊവിഡ് കേസുകൾ വർധിക്കുന്ന തമിഴ്‌നാട്ടില്‍ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ആർസിസിയിലേക്കും ചികിത്സയ്ക്കായി നിരവധി പേർ എത്തുന്നു. അതുകൊണ്ട് തന്നെ മറ്റ് ജില്ലകളെ അപേക്ഷിച്ച് പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.
വഞ്ചിയൂർ സ്വദേശിയുടെ മരണത്തിൽ വീഴ്‌ച പറ്റിയെന്ന് പറയാനാവില്ലെന്നും കെ.കെ ഷൈലജ വ്യക്തമാക്കി. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. സ്രവം ആദ്യമേ എടുത്തിട്ടില്ലെന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. എന്തുകൊണ്ട് സ്രവമെടുത്തില്ലെന്നതില്‍ ആരോഗ്യ വിദഗ്‌ധരുടെ റിപ്പോർട്ട് ലഭിക്കാനുണ്ടെന്നും ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പും ജില്ല കലക്ടറും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലന്നും മന്ത്രി പറഞ്ഞു.
വിദേശത്തു നിന്നെത്തുന്നവർക്ക് വിമാനത്താവളത്തിൽ റാപ്പിഡ് ആന്‍റി ബോഡി ടെസ്റ്റ് നടത്തും. സ്വകാര്യ ലാബുകളിൽ കൊവിഡ് പരിശോധനയുടെ ഫീസ് നിശ്ചയിച്ച് ഉടൻ ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.