തിരുവനന്തപുരം : എല്ലാവർക്കും ഇൻ്റർനെറ്റ് എന്ന സ്വപ്‌നം യാഥാർഥ്യമാക്കുന്ന സംസ്ഥാന സർക്കാരിന്‍റെ സ്വപ്‌ന പദ്ധതിയായ കെ-ഫോൺ യാഥാർഥ്യത്തിലക്ക്. പദ്ധതിയുടെ ഉദ്ഘാടനം ജൂൺ അഞ്ചിന് നടക്കും. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇൻ്റർനെറ്റ് സൗകര്യം കെ-ഫോൺ മുഖേന ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം.
നിലവിൽ 18,000ത്തോളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇൻ്റർനെറ്റ് കണക്ഷൻ നൽകിയിട്ടുണ്ട്. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി കഴിഞ്ഞു. ഇന്‍റർനെറ്റ്, ജനതയുടെ അവകാശമായി പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന സർക്കാരിന്‍റെ അഭിമാന പദ്ധതിയാണിത്.
ടെലികോം മേഖലയിലെ കോർപറേറ്റ് ശക്തികൾക്കെതിരെയുള്ള ഇടതുസർക്കാരിന്‍റെ ജനകീയ ബദൽ എന്നാണ് കെ-ഫോൺ പദ്ധതിയെക്കുറിച്ച് സർക്കാർ വ്യക്തമാക്കുന്നത്. സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന് അവസരമൊരുക്കരുത് എന്ന നിശ്‌ചയദാർഢ്യത്തോടെയാണ് സംസ്ഥാന സർക്കാർ കെ-ഫോൺ പദ്ധതിക്ക് തുടക്കമിട്ടത്. വൈദ്യുതി, ഐടി വകുപ്പുകൾ വഴി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്ന കെ-ഫോൺ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡ് മറികടക്കാൻ സഹായകമാവുമെന്നും സർക്കാർ അവകാശപ്പെടുന്നു.
കെ-ഫോൺ പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസൻസും ഔദ്യോഗികമായി ഇന്‍റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്‍റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്‌പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസും നേരത്തെ ലഭ്യമായിട്ടുണ്ട്. കെ-ഫോൺ കേരളത്തിന്‍റെ സ്വന്തം ഇന്‍റർനെറ്റാണെന്നും സംസ്‌ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്‌ചർ ശക്തവും കാര്യക്ഷമവുമാക്കുന്നതിനും
ഇ-ഗവേർണൻസ് സാർവത്രികമാക്കുന്നതിനും പദ്ധതി സഹായകമാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇ-തപാല്‍ ഫോര്‍ സ്‌കൂള്‍സ്, സ്‌കൂളുകളുടെ കത്തിടപാടുകൾക്ക് പുതിയ മുഖം : സ്‌കൂളുകളുടെ കത്തിടപാടുകൾ സുഗമമാക്കാനുള്ള ഇ-തപാൽ പദ്ധതി നിലവില്‍ വന്നു. സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇ-തപാല്‍ ഫോര്‍ സ്‌കൂള്‍സ് എന്ന പദ്ധതി മുഖേന നടപ്പിലാക്കുന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും നല്‍കുന്ന സേവനങ്ങള്‍ സുതാര്യമായും സമയബന്ധിതമായും നല്‍കുക എന്നതാണ് സർക്കാർ ലക്ഷ്യം.
പൊതു വിദ്യാഭ്യാസ വകുപ്പില്‍ 2018 ഏപ്രില്‍ മാസത്തില്‍ ആണ് ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി ആദ്യമായി ഇ-ഓഫിസ് ഫയല്‍ സംവിധാനം ആരംഭിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റില്‍ ആരംഭിച്ച പദ്ധതി തുടര്‍ന്നുള്ള 3 വര്‍ഷങ്ങളിലായി ഡി.ഡി.ഇ, ആര്‍.ഡി.ഡി, എ.ഡി. ഡി.ഇ.ഒ, എ.ഇ.ഒ ടെക്സ്റ്റ് ബുക്ക്, പരീക്ഷ ഭവന്‍ എന്നീ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്‌തു. നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനുള്ളിലുള്ള ഓഫിസുകള്‍ പൂര്‍ണമായും ഇ-ഓഫിസ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.
ഇത്തരത്തിൽ ഓഫിസുകള്‍ക്ക് പുറമേ പന്ത്രണ്ടായിരത്തോളം വരുന്ന സ്‌കൂളുകളിൽ കൂടി കത്തിടപാടുകള്‍ പൂര്‍ണമായും ഇ-തപാല്‍ മുഖേന അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയാണ് ഇ-തപാല്‍ ഫോര്‍ സ്‌കൂള്‍സ്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പരിശീലനം ഓഫിസുകള്‍ക്ക് നല്‍കുകയും, ഓഫിസുകള്‍ മുഖേനെ സ്‌കൂളുകള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്‌തു.
കേവലം 7 മാസങ്ങള്‍ കൊണ്ട് 11,926 ഗവണ്‍മെന്‍റ്/എയ്‌ഡഡ് സ്‌കൂളുകളിലും പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സാധിച്ചിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2022 സെപ്‌തംബര്‍ 1ന് പരിശീലനം ആരംഭിച്ച പദ്ധതി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്‍റര്‍ കേരളയും കേരള ഐറ്റി മിഷന്‍റെയും സാങ്കേതിക സഹായത്തോടുകൂടിയാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇത്തരത്തിലുള്ള പദ്ധതികൾ മുഖേന പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകൾക്ക് പുറമേ വകുപ്പുകൾക്കും പുതിയ മുഖം നൽകുകയാണ് വിദ്യാഭ്യാസ വകുപ്പ്.