തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ നിര്‍ദേശം വൈകി വന്ന വിവേകമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് തുറന്ന ചര്‍ച്ച വേണം നടത്താന്‍. സിപിഎം നേതാക്കള്‍ നിരവധി തവണ സമരത്തെ അധിക്ഷേപിച്ചിട്ടുണ്ട്. യുഡിഎഫ് സമരത്തെ രാഷ്ട്രീയവത്കരിച്ചിട്ടില്ല. ഹൈജാക്കും ചെയ്‌തിട്ടില്ല. ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നതാണ് നിലപാടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്ന സിപിഎം സെക്രട്ടേറിയറ്റ് നിര്‍ദേശം ആത്മാര്‍ഥമാണെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാപ്പ് പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. മുട്ടിലിഴഞ്ഞും മീന്‍ കച്ചവടം നടത്തിയും സമരം ചെയ്‌ത ഉദ്യോഗാര്‍ഥികളോട് മാപ്പ് പറഞ്ഞിട്ട് വേണം ചര്‍ച്ച ആരംഭിക്കാന്‍. മുന്‍വിധികളില്ലാത്ത ചര്‍ച്ച വേണമെന്നും ഷാഫി പറഞ്ഞു.