തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കോഴിക്കോട് വിമാനത്താവള വികസനം സംബന്ധിച്ച് കേന്ദ്ര വ്യോമായാന മന്ത്രിയുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത്. വിമാന അപകടത്തിനുശേഷം കോഴിക്കോട് വിമാനത്താവളത്തില്‍ കാര്യമായ സര്‍വീസ് നടത്തുന്നില്ല.
ഇത് വര്‍ധിപ്പിക്കണം. 152.5 ഏക്കര്‍ വിമാനത്താവള വികസനത്തിന് ആവശ്യമുണ്ട്. സ്ഥലം ഏറ്റെടുക്കല്‍ നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. പ്രാദേശികമായ എതിര്‍പ്പുകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ജില്ല കലക്ടര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍റെ സഹായം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ALSO READ മഴ വീണ്ടും വരുന്നു, നാളെ മുതല്‍ ശക്തമാകും: ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്
വിമാനത്താവള മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സ്വകാര്യവത്കരണ നീക്കം ജനങ്ങളെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയോടാവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കാമെന്നറിയച്ചതായും വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.