തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിൻ്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡിയുടെ പകർപ്പെടുപ്പ് പൂർത്തിയായി. തിരുവനന്തപുരം ഹൈടെക് സെൽ അഡീഷണൽ എസ്.പിയുടെ മേൽനോട്ടത്തിലായിരുന്നു ദൃശ്യങ്ങളുടെ പകർപ്പെടുപ്പ്. കേസ് പരിഗണിക്കുന്ന ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുറിയിൽ വച്ചായിരുന്നു ദൃശ്യങ്ങളുടെ പകർപ്പ് എടുത്തത്. അപകട ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജിയിലാണ് നടപടി. ദൃശ്യങ്ങളുടെ പകർപ്പ് എടുക്കുവാൻ കോടതി മുറിയിൽ രണ്ടാം പ്രതി വഫയും ഹാജരായിരുന്നു.
ശ്രീറാം സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി കേസിന്‍റെ നടപടികൾ പലപ്പോഴായി മാറ്റിവച്ചിരുന്നു. ഒന്നേകാൽ വർഷം മുൻപ് നടന്ന കേസ് വിചാരക്കോടതിക്ക് കൈമാറാൻ ഇതുവരെയും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് കഴിഞ്ഞിട്ടില്ല. ശ്രീറാമിന്‍റെ ഹർജിയിൽ കോടതി ഇടക്കാല ഉത്തരവ് നൽകിയാൽ കേസ് തുടർ നടപടിക്കായി വിചാരണക്കോടതിക്ക് കൈമാറാൻ കഴിയും.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപമുണ്ടായ വാഹനപകടത്തിൽ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ മരിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബഷീറിൻ്റെ വാഹനത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.