തിരുവനന്തപുരം: ആരാധനാലയങ്ങൾ ഉടൻ തുറക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അവശ്യപ്പെട്ടു. ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോൾ രോഗവ്യാപനം നിയന്ത്രണതീതമാകുമെന്ന മുന്നറിയിപ്പാണ് ഐ.എം.എ നൽകുന്നത്. സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനം വർദ്ധിപ്പിക്കുമെന്നതാണ് അനുഭവം. അതുകൊണ്ട് തന്നെ ആരാധനാലയങ്ങളും മാളുകളും മാത്രമല്ല ആളുകൾ കൂട്ടം കൂടാൻ സാധ്യതയുള്ള ഒരു സ്ഥലങ്ങൾക്കും പ്രവർത്തന അനുമതി നൽകരുതെന്ന് ഐഎംഎ ആവശ്യപ്പെടുന്നു.
രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചാൽ നമ്മുടെ ആരോഗ്യ സംവിധാനത്തിന്‍റെ താളം തെറ്റും. പുറത്ത് നിന്നും എത്തിയ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ പലരും നിരീക്ഷണ മാർഗനിർദേശങ്ങൾ ലംഘിച്ചിട്ടാണ്ടാകാം. രോഗം ബാധിച്ചവരിൽ പലർക്കും രോഗം എവിടെ നിന്ന് പകർന്നു എന്നത് വ്യക്തമല്ല. ഇത് സാമൂഹിക വ്യാപനത്തിന്‍റെ സൂചനയാണ് നൽകുന്നത്. അതുകൊണ്ട് തന്നെ ആശുപത്രികളിൽ രോഗികളെ നിറയ്ക്കാൻ കാരണമാകാവുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് സർക്കാർ പിൻമാറണമെന്നും ഐ എം എ ആവശ്യപ്പെട്ടു.