തിരുവനന്തപുരം: ഏകദിന ലോകകപ്പ് (Cricket World Cup 2023) പോരാട്ടങ്ങള്‍ക്ക് മുന്‍പുള്ള ഇന്ത്യയുടെ അവസാന സന്നാഹ മത്സരത്തിനും ആശങ്കയായി മഴ. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ (Greenfield Stadium) ഇന്ന് (ഒക്‌ടോബര്‍ 3) നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെയാണ് രോഹിത് ശര്‍മയും സംഘവും നേരിടുന്നത് (India vs Netherlands Cricket World Cup 2023 Warm Up Match). ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
ഇരു ടീമുകളും ഇന്നലെ തുമ്പ സെന്‍റ് സേവ്യേഴ്‌സ് കെസിഎ സ്റ്റേഡിയത്തില്‍ എത്തി പരിശീലനം നടത്തിയിരുന്നു. ഉച്ചയ്‌ക്ക് രണ്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ പരിശീലന സെഷന്‍. രാവിലെ 10 മണിക്ക് പരിശീലനം ആരംഭിച്ച നെതര്‍ലന്‍ഡ്‌സ് ടീം ഒരു മണിക്കാണ് മടങ്ങിയത്.
ഇന്നലെ (ഒക്‌ടോബര്‍ 2) രാത്രിയോടെയാണ് ജില്ലയില്‍ മഴ കനത്തത്. ജില്ലയില്‍ ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇതുവരെ നടന്ന സന്നാഹ മത്സരങ്ങളെയെല്ലാം മഴ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. സെപ്‌റ്റംബര്‍ 29നായിരുന്നു കാര്യവട്ടത്ത് ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്. ദക്ഷിണാഫ്രിക്ക- അഫ്‌ഗാനിസ്ഥാന്‍ (South Africa vs Afghanistan) ടീമുകള്‍ തമ്മിലായിരുന്നു മത്സരം.
കനത്ത മഴയെ തുടര്‍ന്ന് അന്ന് ഒരു പന്ത് പോലും എറിയാനാകാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. പിന്നാലെ, നടന്ന ഓസ്‌ട്രേലിയ- നെതര്‍ലന്‍ഡ്‌സ് (Australia vs Netherlands) മത്സരം മഴയെ തുടര്‍ന്ന് വൈകിയാണ് ആരംഭിച്ചത്. 50 ഓവര്‍ മത്സരം 23 ഓവറാക്കി വെട്ടിച്ചുരുക്കിയെങ്കിലും മഴ വില്ലനായെത്തിയതോടെ ഈ മത്സരവും ഉപേക്ഷിക്കേണ്ടി വന്നു.
ഇന്നലെ നടന്ന ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് (South Africa vs New Zealand) മത്സരത്തെയും ഭാഗികമായി മഴ ബാധിച്ചിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 321 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 37 ഓവറില്‍ നാലിന് 211 എന്ന നിലയില്‍ നില്‍ക്കെ എത്തിയ മഴ മത്സരം തടസപ്പെടുത്തി. പിന്നീട് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലന്‍ഡിനെ മത്സരത്തിലെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.