തിരുവനന്തപുരം : ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബിബിസിയുടെ (ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ് കോര്‍പ്പറേഷന്‍) ഡോക്യുമെന്‍ററി ' ഇന്ത്യ - ദ മോദി ക്വസ്റ്റ്യൻ' തിരുവനന്തപുരം ലോ കോളജിൽ പ്രദർശിപ്പിച്ചു. എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍, ലോ കോളജിലെ അവസാന വർഷ വിദ്യാർഥികളുടെ ക്ലാസ് മുറിയിലാണ് പ്രദർശനം നടന്നത്.
കേരളത്തിൽ ആദ്യമായാണ് ഈ ഡോക്യുമെന്‍ററി ഒരു വേദിയില്‍ പ്രദർശിപ്പിക്കുന്നത്. രാജ്യത്ത് ഡോക്യുമെന്‍ററിയെച്ചൊല്ലി വിവാദങ്ങളും ചർച്ചകളും ഉണ്ടാവുകയും കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്‌തിരുന്നു. പിന്നാലെ, പ്രദര്‍ശനം നടത്തുമെന്ന് ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് തിരുവനന്തപുരം ലോ കോളജിലെ പ്രദർശനം. വിദ്യാർഥികൾക്ക് രാഷ്ട്രീയ ബോധമുണ്ടാക്കാൻ ഇതിൻ്റെ രണ്ടാം ഭാഗവും പ്രദർശിപ്പിക്കുമെന്ന് ലോ കോളജ് എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡൻ്റ് അബ്‌ദുള്‍ ബാസിത്ത് പറഞ്ഞു.
ALSO READ| 'രാജ്യത്തെ അപമാനിക്കുന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കരുത്'; മുഖ്യമന്ത്രിക്ക് പരാതി നല്‍കി ബിജെപി
ഡോക്യുമെന്‍ററി പ്രദർശനത്തിനുശേഷം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും മോദിയുടെ കോലം കത്തിക്കുകയും ചെയ്‌തു. ആളുകൾ മറന്നുകൊണ്ടിരിക്കുന്ന ഗുജറാത്ത് വംശഹത്യയെക്കുറിച്ച് വിദ്യാർഥികൾക്ക് കൂടുതല്‍ അറിയാനും രാഷ്ട്രീയ ബോധം വളർത്താനും ഫാസിസത്തിനെതിരെ സംസാരിക്കാനും ഇത്തരമൊരു ഡോക്യുമെന്‍ററി സഹായിക്കുമെന്ന് വിദ്യാർഥികള്‍ പറയുന്നു. പരാതി ലഭിക്കുകയാണെങ്കിൽ നടപടി ഉണ്ടാകുമെന്ന് സ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു. അതേസമയം, അനുമതി ഇല്ലാതെയാണ് പ്രദര്‍ശനം നടന്നതെന്ന് കോളജ് പ്രിൻസിപ്പാള്‍ അറിയിച്ചു.