തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷമെത്തിയതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം. നേരത്തെ പ്രവചിച്ചതില്‍ നിന്നും നാല് ദിവസം വൈകിയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയിരിക്കുന്നത്. ജൂണ്‍ നാലിന് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ കടലില്‍ ചൂട് കൂടുതലായതും കടല്‍ക്കാറ്റ് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന് അനുകൂലമാകാത്തതുമാണ് കാലവര്‍ഷം വൈകിയതിന് കാരണം. മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് മുന്നോട്ട് നീങ്ങിയതും കാലവര്‍ഷം എത്തുന്നതിന് സഹായകമായിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായി മിനിക്കോയ് ദ്വീപില്‍ നിന്നും കാലവര്‍ഷക്കാറ്റ് മുന്നോട്ട് പോകുന്നതില്‍ തടസമുണ്ടാകുന്ന സാഹചര്യമുണ്ടായിരുന്നു.
എന്നാല്‍, ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി വടക്ക് പടിഞ്ഞാറ് ദിശയില്‍ അകന്നുപോകാൻ തുടങ്ങിയതോടെയാണ് ഏതാനും ദിവസമായി ലക്ഷദ്വീപിലെത്തി നില്‍ക്കുന്ന കാലവര്‍ഷക്കാറ്റ് കേരളത്തിലേക്ക് പ്രവേശിച്ചത്. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. കാലവര്‍ഷം കൂടിയെത്തുന്നതോടെ മഴ കൂടതല്‍ ശക്തമാകും.
കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളിൽ യെല്ലോ : ഇന്ന് കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യിപിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തന്നെ സംസ്ഥാനത്തെ തീരപ്രദേശത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.
മത്സ്യബന്ധനത്തിനും കടലോര ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും വിലക്കേര്‍പ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റിയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കടല്‍ക്ഷോഭത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകളൊഴികെയുള്ള ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു. കടലാക്രമണം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സജ്ജമാക്കാനും മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കാന്‍ ആവശ്യമായ സജ്ജീകരങ്ങള്‍ ഏര്‍പ്പെടുത്താനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറെ ചുമതലപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയത്.
ചുഴലിക്കാറ്റ് ഭീഷണി ഒഴിയുന്നതുവരെ തീരദേശ മേഖലകളില്‍ ഫിഷറീസ് വകുപ്പിന്‍റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തയാറാക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കാനും നിർദേശമുണ്ട്. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിച്ച് കെട്ടിയിട്ടാൽ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാകും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത : കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, ഗോവ തീരം, അറബിക്കടലിന്‍റെ മധ്യഭാഗം, മാലിദ്വീപ് പ്രദേശം, ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
വടക്കന്‍ ഗുജറാത്ത് തീരത്തോട് ചേര്‍ന്നുള്ള വടക്കുകിഴക്കന്‍ അറബിക്കടല്‍, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.