തിരുവനന്തപുരം: നവ സിനിമയുടെ നവ്യാനുഭവം ആസ്വദിക്കാൻ ചലച്ചിത്ര ആസ്വാദകർ തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നു. 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കമായി. കൈരളിയിലും ടാഗോറിലും രാവിലെ 10 മണിയോടെ ആദ്യ സ്‌ക്രീനിങ് നടന്നു. കൈരളിയിൽ ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയി, ടാഗോറിൽ ലാമ്പ് എന്നീ ചിത്രങ്ങളാണ് ആദ്യ സ്ക്രീനിങ്ങിൽ പ്രദർശിപ്പിച്ചത്. ഇരു ചിത്രങ്ങൾ കാണാനും ഡെലിഗേറ്റുകളുടെ വലിയ പങ്കാളിത്തമുണ്ട്.
ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയിയുടെ ഇന്ത്യയിലെ തന്നെ ആദ്യ പ്രദർശനമാണ് കൈരളി തിയേറ്ററിൽ നടക്കുന്നത്. തൊഴിലിലും ജീവിതത്തിലും പരസ്‌പരം പങ്കാളികളാകുന്ന ചെറുപ്പക്കാരുടെ ജീവിത പ്രതിസന്ധിയിലൂടെയാണ് ചിത്രത്തിൻ്റെ വികാസം. മനോലോ നിയെതോ ആണ് സംവിധാനം.
കൊവിഡ് പ്രതിസന്ധികൾ മറികടന്ന് പഴയ പൊലിമയോടെ ചലച്ചിത്രമേള ആസ്വദിക്കാനുള്ള തയാറെടുപ്പിലാണ് ഡെലിഗേറ്റുകൾ. മേള ആസ്വദിക്കാൻ പ്രായഭേദമന്യേ ഡെലിഗേറ്റുകൾ ടാഗോർ തിയേറ്ററിൽ ഒഴുകിയെത്തുകയാണ്. കൊവിഡ് പ്രതിസന്ധി മൂലം പല തവണ മാറ്റിവെച്ച മേളയ്ക്കാണ് ഇന്ന് ആരംഭമായിരിക്കുന്നത്.
പതിനായിരത്തോളം ഡെലിഗേറ്റുകൾ ഈ വർഷം ചലച്ചിത്ര മേളയ്‌ക്കെത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇത് ശരി വെക്കുന്ന പ്രതികരണമാണ് ആദ്യ ദിനം തന്നെ പ്രകടമാകുന്നത്. ആദ്യദിനത്തിൽ 13 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.
Also Read: 26-ാമത് രാജ്യാന്തര ചലച്ചിത്രമേള; ഓൺലൈൻ റിസർവേഷൻ നാളെ മുതൽ