തിരുവനന്തപുരം : 26-ാം രാജ്യന്തര ചലച്ചിത്രമേളയുടെ (IFFK) തീയതി നീട്ടി. 2022 ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്താണ് മേള നടക്കുകയെന്ന് സിനിമ-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ (Saji Cheriyan) അറിയിച്ചു.
ചലച്ചിത്രമേള ഡിസംബറില്‍ നടത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സർക്കാർ തിയേറ്ററുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതടക്കം പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിൽ വന്ന കാലതാമസമാണ് മേള ഫെബ്രുവരിയിലേക്ക് നീട്ടാൻ കാരണം.
പന്ത്രണ്ട് തിയേറ്ററുകളിലാണ് പ്രദർശനം സംഘടിപ്പിക്കുക. നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്‌ഘാടനം ചെയ്യും.
രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചിത്ര മേളയുടെ (IDSFFK) 13-ാം പതിപ്പ് തിരുവനന്തപുരത്ത് ഡിസംബർ 9 മുതൽ 14 വരെ നടക്കും. ഏരീസ് പ്ലക്‌സ് എസ്എൽ തിയേറ്റർ കോംപ്ലക്സിലെ നാല് സ്ക്രീനുകളിലായാണ് പ്രദർശനം.
ജൂലൈയിൽ നടത്തേണ്ട രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്ര മേളയാണ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഡിസംബറിലേക്ക് മാറ്റിയത്. സർക്കാർ നിർദേശങ്ങൾക്ക് അനുസൃതമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മേളകൾ സംഘടിപ്പിക്കുകയെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.