തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന്‍റെ കക്ഷിനേതാവിനെ നിര്‍ണയിക്കാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം നിശ്ചയിച്ച പ്രതിനിധികള്‍ നാളെ സംസ്ഥാനത്തെത്തും. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ, പോണ്ടിച്ചേരി മുന്‍ മുഖ്യമന്ത്രി വൈദ്യലിംഗം എന്നിവരാണ് നാളെ രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെ കാണുന്നത്. 21 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്.
കാര്‍ഗെയും വൈദ്യലിംഗവും എംഎല്‍എമാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ട് പ്രതിപക്ഷ നേതാവ് ആരാകണമെന്ന അഭിപ്രായം രേഖപ്പെടുത്തും. തുടര്‍ന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെപിസിസി പ്രസിഡന്‍റുമാര്‍, കെപിസിസി നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിവരുമായും പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ അഭിപ്രായമാരായും. ഇതിന്‍റെ അടിസ്ഥാനത്തിലാകും പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ എഐസിസിക്ക് കൈമാറുക. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരണമെന്നും മറ്റാരെങ്കിലും പ്രതിപക്ഷ നേതൃ സ്ഥാനത്തേക്കു വരണമെന്നും കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്.
അഞ്ച് വര്‍ഷം പ്രതിപക്ഷ നേതൃ സ്ഥാനത്തു തുടര്‍ന്നിട്ടും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ചലനമുണ്ടാക്കാനാകാത്ത സാഹചര്യത്തില്‍ രമേശ് ചെന്നിത്തല മാറണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ശക്തമാണ്. രമേശ് ചെന്നിത്തലയെ മാറ്റിയാല്‍ വി.ഡി.സതീശനാണ് കൂടുതല്‍ സാധ്യത. എ ഗ്രൂപ്പില്‍ നിന്ന് പി.ടി.തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ ഉയരുന്നുണ്ടെങ്കിലും സമവായത്തിലൂടെ മാത്രം പ്രതിപക്ഷ നേതൃസ്ഥാനം എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. ചെന്നിത്തലയെ പ്രതിപക്ഷ നേതൃ പദവിയില്‍ നിന്ന് നീക്കി എഐസിസി ജനറല്‍ സെക്രട്ടറിയാക്കണമെന്ന നിര്‍ദേശവും ഹൈക്കമാന്‍ഡിന് മുന്നിലുണ്ട്.