തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ നാളെ മുതല്‍ പിഴ ഈടാക്കും. ഇതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് ഡിസംബര്‍ ഒന്ന് മുതല്‍ നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന നാല് വയസിന് മുകളിലുള്ള യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് നാളെ മുതല്‍ നടപ്പാക്കുക. ഹെല്‍മറ്റ് ഇല്ലാതെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് ആദ്യ പിഴ. രണ്ടാമതും പിടിക്കപ്പെട്ടാല്‍ പിഴ ആയിരം രൂപയാകും. വീണ്ടും പിടിക്കപ്പെട്ടാല്‍ ബൈക്ക് ഓടിക്കുന്ന ആളുടെ ലൈസന്‍സ് റദ്ദാക്കും.
നാളെ മുതല്‍ ഇതു സംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. നവംബര്‍ പത്തൊമ്പതിനാണ് ചീഫ് ജസ്റ്റിസ് എസ്. മണിക് കുമാര്‍, ജസ്റ്റിസ് എ.എം.ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ബഞ്ച് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ ഡിസംബര്‍ മുപ്പത്തിയൊന്നുവരെ സംസ്ഥാന സര്‍ക്കാര്‍ സാവകാശം തേടി. എന്നാല്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി ഓഗസ്റ്റ് ഒമ്പതിന് നിലവില്‍ വന്ന സാഹചര്യത്തില്‍ ഇനി നിയമം നടപ്പാക്കാന്‍ ഇളവോ സാവകാശമോ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് വ്യക്തമാക്കി. ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.