തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷകള്‍ ജൂണ്‍ 21 തിങ്കളാഴ്‌ച ആരംഭിക്കും. 34ഓളം പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ നടത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി.
ആന്‍റിജൻ പരിശോധന നിര്‍ബന്ധം
പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ഥികളും ആന്‍റിജന്‍ പരിശോധന നടത്തണം. പരിശോധനയില്‍ നെഗറ്റീവായ വിദ്യാര്‍ഥികളെയാണ് പ്രധാന ഹാളിലിരുത്തുക. പരിശോധനയില്‍ പോസിറ്റീവായ വിദ്യാര്‍ഥികളെ മറ്റൊരു ഹാളില്‍ പരീക്ഷയെഴുതാന്‍ ക്രമീകരമമൊരുക്കും.
പരീക്ഷാ ഹാളില്‍ രണ്ട് മീറ്റര്‍ അകലത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് ഇരിപ്പിടം ഒരുക്കുക. പോസിറ്റീവായ വിദ്യാര്‍ഥികളെ തിയറി എഴുതാന്‍ അനുവദിക്കുമെങ്കിലും അവരെ പ്രാക്ടിക്കലില്‍ പങ്കെടുക്കാന്‍ ഉടനനുവദിക്കുന്നതല്ല. പോസിറ്റീവായ വിദ്യാര്‍ഥികള്‍ 17 ദിവസം കഴിഞ്ഞതിന് ശേഷം പ്രിന്‍സിപ്പല്‍മാരെ വിവരം അറിയിക്കണം. ഈ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി പ്രാക്ടിക്കല്‍ പരീക്ഷ നടത്തും. രോഗലക്ഷണമുള്ളവരില്‍ ആന്‍റിജന്‍ പരിശോധന നെഗറ്റീവാണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന കൂടി നടത്തണം. പരീക്ഷ നടത്തേണ്ട ഏതെങ്കിലും സ്ഥാപനങ്ങള്‍ കണ്ടെയ്മെന്‍റ് സോണിലാണെങ്കില്‍ അത് അടിയന്തരമായി സര്‍വകലാശാലയെ അറിയിക്കണം.
ഹോസ്റ്റിലിലേക്ക് വേഗം മടങ്ങണം
ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ കൊവിഡ് പരിശോധന നടത്തി എത്രയും വേഗത്തില്‍ ഹോസ്റ്റലില്‍ എത്താന്‍ ശ്രമിക്കണം. ഹോസ്റ്റലിലെ വിദ്യാര്‍ഥികളും വീട്ടില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളും തമ്മില്‍ ഇടപഴകാന്‍ അനുവദിക്കുന്നതല്ല.
കണ്ടെയിൻമെന്‍റ് സോണിന് പ്രത്യേക അനുമതി
ആ സ്ഥാപനത്തിന് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കും. കണ്ടെയിൻമെന്‍റ് സോണിലുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പോകാനും അനുമതി നല്‍കും. പൊതുഗതാഗതത്തിന് ബുദ്ധിമുട്ടെങ്കില്‍ അത്യാവശ്യമുള്ള വാഹന സൗകര്യങ്ങള്‍ കോളജ് തന്നെ ഒരുക്കണം. ജൂലൈ ഒന്നിന് ശേഷം സാഹചര്യം പരിശോധിച്ച ശേഷം പടിപടിയായി നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കും.
ആദ്യ-അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകളായിരിക്കും ആരംഭിക്കുക. അത് വിലയിരുത്തി ക്രമേണ മറ്റ് ക്ലാസുകളും ആരംഭിക്കാനും സര്‍വകലാശാല തീരുമാനിച്ചു. തിയറി ക്ലാസുകള്‍ കോളജ് തുറന്നാലും ഓണ്‍ലൈനായി തന്നെ നടത്തും. പ്രാക്ടിക്കല്‍ ക്ലാസുകളും ക്ലിനിക്കല്‍ ക്ലാസുകളുമാണ് ജൂലൈ ആദ്യം ആരംഭിക്കുക. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
ALSO READ: ആദ്യ ദിനം റെക്കോഡ് മദ്യ വില്‍പന; വിറ്റഴിച്ചത് 52 കോടിയുടെ മദ്യം