എറണാകുളം: പാറശാല ഷാരോൺ കൊലപാതക കേസിൽ രണ്ടും മൂന്നും പ്രതികളുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിന്‍റെയും അമ്മാവൻ നിർമല്‍ കുമാരൻ നായരുടെയും ജാമ്യാപേക്ഷകളാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടി.
പ്രതികൾക്കെതിരെ തെളിവുകളുണ്ടെന്നും അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്നുമുള്ള സർക്കാർ വാദവും കോടതി കണക്കിലെടുത്തു. ഷാരോണും ഗ്രീഷ്‌മയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് അറിവില്ലായിരുന്നെന്നും ഷാരോൺ മരിച്ച ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിയുന്നത് എന്നുമായിരുന്നു ജാമ്യ ഹർജിയിൽ ഇരു പ്രതികളുടെയും വാദം. പൊലീസ് പ്രതി ചേർത്തത് ഗ്രീഷ്‌മയെ സമ്മർദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ്. വിഷക്കുപ്പി ഒളിപ്പിച്ചു എന്ന വാദം വസ്‌തുത രഹിതമാണെന്നും പൊലീസ് കെട്ടിച്ചമച്ചതാണ് എന്നും ഹർജിയിൽ പറഞ്ഞിരുന്നു.
ഗ്രീഷ്‌മയെ തെളിവു നശിപ്പിക്കാൻ സഹായിച്ചു, വിഷക്കുപ്പി ഒളിപ്പിച്ചു തുടങ്ങിയവയാണ് ഇരുവർക്കുമെതിരെ പൊലീസ് ചുമത്തിയിരുന്ന കുറ്റങ്ങൾ. നേരത്തെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷകൾ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.