തിരുവനന്തപുരം : വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി സി.ജോര്‍ജിന് വീണ്ടും നോട്ടിസ് നല്‍കും. ഇതിനായി തിരുവനന്തപുരം ഫോര്‍ട്ട് അസിസ്‌റ്റന്‍ഡ് കമ്മീഷണറുടെ ഓഫിസില്‍ എത്തണമെന്ന് ചൂണ്ടിക്കാട്ടിയാകും നോട്ടിസ് നല്‍കുക. കഴിഞ്ഞ ഞായറാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാലാണ് വീണ്ടും അന്വേഷണസംഘത്തിന്‍റെ നടപടി.
മെയ് 29-ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസൗകര്യം അറിയിച്ച ജോര്‍ജ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് പോകുകയായിരുന്നു. ഇതില്‍ ജാമ്യ ഉപാധികളുടെ ലംഘനം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കേണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനം. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇത്തരമൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്.
ചോദ്യം ചെയ്യലിന് എത്താതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതില്‍ ജാമ്യ ഉപാധികളുടെ ലംഘനമുണ്ടോയെന്ന് പൊലീസ് നിയമോപദേശം തേടിയിരുന്നു. അന്വേഷണത്തോട് സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന് വിളിക്കുമ്പോള്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ടെങ്കിലും അസൗകര്യം ഉണ്ടെങ്കില്‍ അറിയിക്കുന്നതില്‍ തെറ്റില്ലെന്നാണ് അന്വേഷണസംഘത്തിന് നിയമോപദേശം ലഭിച്ചത്. ശാസ്ത്രീയ തെളിവിന് പി സി.ജോര്‍ജിന്‍റെ ശബ്‌ദസാമ്പിള്‍ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.