തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷിക ആഘോഷമായ 'ആസാദി കാ അമൃത്' മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' പരിപാടികൾക്ക് ഇന്ന് മുതൽ തുടക്കമായി. പരിപാടിയുടെ ഭാഗമായി ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ വസതിയിൽ ദേശീയപതാക ഉയർത്തി. ഇന്ത്യ എന്ന സങ്കൽപ്പത്തിന്‍റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നത് കൂടിയാണ് പ്രധാനമെന്ന് മന്ത്രി പതാക ഉയർത്തിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
തീരുമാനം എടുക്കാൻ ഉള്ള അവകാശം കൂടി ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളത്. സംസ്ഥാനങ്ങളുടെ അവകാശം നേരിടുന്നത് വലിയ തകർച്ചയാണ്. രണ്ടു തരത്തിൽ ജനങ്ങളെ കാണുന്ന സ്ഥിതിയാണെന്നും സ്വാതന്ത്ര്യ ദിനം ഇവ ചർച്ച ചെയ്യാൻ കൂടിയുള്ള വേദിയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
തോമസ് ഐസക്കിന് എതിരായ ഇഡി അന്വേഷണം, ജനങ്ങൾക്ക് വേണ്ടി എടുത്ത നിലപാടുകൾ പോലും അന്വേഷണത്തിലേക്ക് വരുന്നു. എന്തെങ്കിലും വലയുമായി ഇറങ്ങുകയാണ്. കോടതി വിമർശനം കേട്ടെങ്കിലും പുനരാലോചന വേണമെന്നും മന്ത്രി പറഞ്ഞു.
'ഹർ ഘർ തിരംഗ' പരിപാടിയുടെ ഭാഗമായി മുൻ എം.പിയും നടനുമായ സുരേഷ് ഗോപി ശാസ്‌തമംഗലത്തെ വീട്ടിൽ ദേശീയ പതാക ഉയർത്തി. ഭക്ഷ്യമന്ത്രി ജി.ആർ അനിലും വസതിയിൽ ദേശീയ പതാക ഉയർത്തി ആഘോഷത്തിൽ പങ്കുചേർന്നു.
സ്വാതന്ത്ര്യ ദിനത്തിൻ്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്ത് ദേശീയ പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സ്വതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞിരുന്നു. സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ, വീടുകൾ, ക്ലബ്ബുകൾ, വായനശാലകൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്തണം.