ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ കീഴിൽ ഭയാനകമായ ഭരണമാണ് നടക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കറുത്തവസ്‌ത്രം ധരിച്ച് പൊതു പരിപാടിയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്ന ഭരണ സംവിധാനം ഭയപ്പെടുത്തുന്നതല്ലേ എന്ന് ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് താന്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
'മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി മുഖ്യമന്ത്രിയുടെ അറിവില്ലാതെ കള്ളക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കുകയായിരുന്നോ? അങ്ങനെയെങ്കില്‍ അത് മുഖ്യമന്ത്രിയുടെ കഴിവുകേടാണ്', ഗവര്‍ണര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി തന്‍റെ ഫോണ്‍ കോളുകളോട് പ്രതികരിച്ചില്ലെന്നും ഗവർണർ പറഞ്ഞു.
'സർവകലാശാലയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഞാൻ തിരികെ അയച്ചു. എല്ലാവർക്കും ഒരു ലക്ഷ്‌മണ രേഖ ഉണ്ട്. ഗവർണറുടെ ഫോണ്‍ കോളിനോട് മുഖ്യമന്ത്രി പ്രതികരിക്കാത്തത് അദ്ദേഹം ലക്ഷ്‌മണ രേഖ മറികടക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്', ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. വികസനത്തിന്‍റെ മറവിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ മകൾ വീണ വിജയനും കുടുംബത്തിനും വേണ്ടി പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. കെ ഫോണ്‍, കെ റെയില്‍ തുടങ്ങിയ പദ്ധതികളെ വി ഫോണ്‍ എന്നും വി റെയില്‍ എന്നും സ്വപ്‌ന പരിഹസിക്കുകയും ചെയ്‌തിരുന്നു.
സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വന്നിട്ടില്ലേ എന്നും സ്വപ്‌നയെ ഹോട്ടല്‍ മുറിയിലേക്കും മൂന്നാറിലേക്കുമെല്ലാം ക്ഷണിച്ചത് ആരാണെന്നും ഗവര്‍ണര്‍ ചോദിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമാന്തര സർക്കാർ നടത്താനാണ് ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ സർവകലാശാലകളിൽ നടത്തുന്ന ആവർത്തിച്ചുള്ള ഇടപെടലുകൾ ഉന്നത വിദ്യാഭ്യാസം കാവിവൽക്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഗവര്‍ണര്‍ രംഗത്തു വന്നത്.
Also Read: 'ഗവർണർ ഭീഷണിപ്പെടുത്തേണ്ട, ചെയ്യാനുള്ളത് ചെയ്യുക': കാനം രാജേന്ദ്രൻ