തിരുവനന്തപുരം: പെരിയ ഇരട്ടകൊലക്കേസിലെ സിബിഐ അന്വേഷണത്തിനെതിരെ ഹാജരായ അഭിഭാഷകർക്ക് പണം നല്‍കാനുള്ള സർക്കാർ ഉത്തരവ് വിവാദത്തില്‍. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നല്‍കിയ അപ്പീലിന് വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകർക്ക് വിമാന യാത്രക്കൂലിയും ഹോട്ടല്‍ താമസത്തിനുള്ള ചിലവും അനുവദിച്ചാണ് ഉത്തരവിറക്കിയത്. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെയാണ് ഏപ്രില്‍ എട്ടിന് സർക്കാർ ഉത്തരവിറക്കിയത്.
സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിച്ചു വയ്ക്കാന്‍ തീരുമാനിച്ചതിനെ ചൊല്ലി ഭരണ- പ്രതിപക്ഷ തർക്കം നടക്കുന്നതിനിടെയാണ് സിപിഎം പ്രതിസ്ഥാനത്തുള്ള കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം നല്‍കി ഉത്തരവ് പുറത്ത് വന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കൊലപാതക കേസ് സിബിഐക്ക് വിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിട്ട് അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. അപ്പീല്‍ പരിഗണിച്ച 2019 നവംബര്‍ 12നും 16നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ്, അദ്ദേഹത്തിന്‍റെ ജൂനിയറായ പ്രഭാസ് ബജാജ് എന്നിവര്‍ ഹൈക്കോടതിയില്‍ ഹാജരായി. ഇരുവരും ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും വിമാനത്തിലെ ബിസിനസ് ക്ലാസില്‍ നടത്തിയ യാത്രാ ചിലവ്, കൊച്ചി മറൈന്‍ ഡ്രൈവ് ഗേറ്റ് വേ ഹോട്ടലിലെ താമസ ചിലവ് എന്നിവ മുന്‍കാല പ്രാബല്യത്തോടെ അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് പുറത്തു വന്നത്. എന്നാല്‍ എത്ര തുകയാണ് അനുവദിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. സിബിഐ അന്വേഷണം വന്നാല്‍ പാര്‍ട്ടി കൊലയാളികള്‍ കുടുങ്ങുമെന്നറിഞ്ഞ് രക്ഷപ്പെടുത്താന്‍ നടത്തിയ ഏര്‍പ്പാടിന് പോലും കൊവിഡ് കാലത്ത് പണം അനുവദിക്കാന്‍ എന്ത് അസാധാരണ സാഹചര്യമാണുള്ളതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ ചോദിച്ചു.