തിരുവനന്തപുരം : സ്വര്‍ണക്കടകളിലെ നികുതി വെട്ടിപ്പ് തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ആരെയെങ്കിലും ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ലൊരു വിഭാഗം സ്വര്‍ണ വ്യാപാരികളും കൃത്യമായി നികുതി അടയ്ക്കുന്നവരാണ്. എന്നാല്‍ ചെറിയൊരു വിഭാഗം നികുതി വെട്ടിപ്പ് നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന വേണം എന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏറ്റവും കൂടുതല്‍ നികുതി വരേണ്ട ഒരു മേഖലയില്‍ നിന്ന് ഏറ്റവും കുറവ് നികുതി വരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. അതിന്‍റെ പേരില്‍ സ്വര്‍ണ വ്യാപാരികളുമായി ഒരു തര്‍ക്കത്തിനും പോകാന്‍ ഉദ്ദേശിക്കുന്നില്ല.
നികുതി വെട്ടിപ്പുമായി ചില സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ അക്കാര്യത്തില്‍ കൃത്യമായ പരിശോധന കൂടിയേ തീരൂ. അതിന്‍റെ ഭാഗമായാണ് സ്വര്‍ണക്കടകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് ജി.എസ്.ടി കൗണ്‍സിലുമായി ബന്ധിപ്പിക്കുന്നത്. കാര്യങ്ങള്‍ കൃത്യമായാല്‍ ഇക്കാര്യത്തില്‍ വ്യാപാരികള്‍ക്ക് ഒരാശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഇഡി അന്വേഷണം, കെടി ജലീലിനെ തള്ളി പിണറായി
നികുതി അടയ്ക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും സ്വര്‍ണക്കടകളിലൂടെയല്ലാതെ സ്വര്‍ണം വില്‍ക്കുന്നത് വലിയ നികുതി വെട്ടിപ്പാണ്. കിട്ടേണ്ട നികുതി കിട്ടാതിരിക്കുമ്പോള്‍ കിട്ടാനുള്ള വഴി സര്‍ക്കാരിനുനോക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചൊവ്വാഴ്‌ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ധനകാര്യ മന്ത്രി ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.