തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണ സംഘം പുറത്തുവിട്ടിട്ടുള്ള തെളിവുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കടത്തിനായും ഹവാല ഇടപാടിനായും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു. ശിവശങ്കറിന്‍റെ വാട്ട് ആപ്പ് സന്ദേശം അത് വ്യക്തമാക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പങ്ക് ഇടതുമുന്നണിക്കാണെന്ന് ഇതിലൂടെ വ്യക്തമായി. ഇപ്പോള്‍ നെഞ്ചിടിക്കുന്നതും മുട്ടുവിറയ്‌ക്കുന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍റേതാണെന്നും ചെന്നിത്തല പറഞ്ഞു. കാരാട്ട് റസാഖുമായും കാരാട്ട് ഫൈസലുമായും ബന്ധം സിപിഎമ്മിനാണ്. സിപിഎമ്മിനെതിരായ തെളിവുകള്‍ ഇനിയും പുറത്തുവരാനിരിക്കുന്നു. മുഖ്യന്ത്രി പറഞ്ഞപോലെ സ്വപ്‌നയുമായുള്ള വഴിവിട്ട ബന്ധം മാത്രമല്ല ശിവശങ്കറിനുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്നാണ് കള്ളക്കടത്തിന്‍റെ എല്ലാ ആസൂത്രണവും ശിവശങ്കര്‍ നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി തന്നെ കത്തയച്ചു വിളിച്ചുവരുത്തിയ അന്വേഷണ ഏജന്‍സിയെ സിപിഎമ്മും മുഖ്യമന്ത്രിയും എന്തിന് ഭയക്കണമെന്നും ചെന്നിത്തല ചോദിച്ചു.