തിരുവനന്തപുരം: German Nurse Recruitment Kerala കേരളത്തിൽ നിന്ന് മികച്ച വേതനത്തിൽ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ ജർമ്മനി നോർക്കയുമായി ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രിയുടെ ചേംബറിൽ വച്ചാണ് ധാരണാപത്രം ഒപ്പിട്ടത്. ജർമ്മൻ ഭാഷ പഠിപ്പിച്ചാണ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്.
Norka Germany: 2022 ൽ ആദ്യ ബാച്ച് നഴ്‌സുമാരെ കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജർമൻ പ്രതിനിധി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് വിദേശ തൊഴിലുമായി ബന്ധപ്പെട്ട് നഴ്‌സുമാർക്കായി ഇത്തരമൊരു സർക്കാർ തല കരാർ ഉണ്ടാകുന്നതെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.
ഭാഷാപഠനത്തിൻ്റെ ചുമതല ഇരുരാജ്യങ്ങളും ചേർന്നാണ് നിർവഹിക്കുന്നത്. അടിസ്ഥാന ഭാഷാ പഠനത്തിന് കേരളത്തിൽ തന്നെ ജർമൻ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുണ്ട്. ഉയർന്ന ഗുണനിലവാരത്തിൽ ഇത് പൂർത്തിയാക്കിയാൽ നഴ്‌സിങ് അസിസ്‌റ്റൻ്റായി ജർമനിയിൽ ജോലിയിൽ പ്രവേശിക്കാം.
ജോലിക്കൊപ്പം ഭാഷാപഠനം പൂർത്തിയാക്കുക കൂടി ചെയ്യുന്നതോടെ ജർമനിയുടെ അക്രഡിറ്റേഷൻ ലഭിക്കും. ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും സമർപ്പണവും പ്രവർത്തന മികവുമാണ് കേരളത്തിൽ നിന്ന് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിന് കാരണമെന്ന് ജർമൻ പ്രതിനിധി സംഘം വ്യക്തമാക്കി. മികച്ച ജോലിക്കൊപ്പം മികച്ച വേതനവും മറ്റു സൗകര്യങ്ങളും കേരളത്തിൽ നിന്നുള്ള നഴ്‌സുമാർക്ക് ഉറപ്പാക്കുമെന്നും ഇവർ പറഞ്ഞു.
ALSO READ: Uthra Murder Case: ഉത്രയെ കൊന്ന സൂരജ് വീണ്ടും കോടതിയില്‍, ഇത്തവണ സ്ത്രീധന പീഡന കേസ്