തിരുവനന്തപുരം: സിനിമാതാരം ജി.കെ പിള്ള അന്തരിച്ചു. തിരുവനന്തപുരത്ത് രാവിലെയാണ് വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അന്ത്യം സംഭവിച്ചത്. 97 വയസായിരുന്നു. 65 വര്‍ഷമായി സിനിമ - സീരിയല്‍ രംഗത്ത് സജീവമായിരുന്നു.
325 സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 13 വര്‍ഷം സൈന്യത്തില്‍ സേവനമനുഷ്ടിച്ചിരുന്നു. തുടര്‍ന്ന് നാടക രംഗത്ത് സജീവമായി. അതിനുശേഷമാണ് സിനിമ മേഖലയിലെത്തിയത്.
1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം. വില്ലന്‍ വേഷങ്ങളിലായിരുന്നു ആദ്യകാലത്ത് ശ്രദ്ധേയമായത്. പിന്നീട് സീരിയല്‍ രംഗത്ത് സജീവമായി.
കൗമാരത്തില്‍ സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗം
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദ പിള്ളയുടെയും ജാനകിയുടെയും മകനായാണ് ജി.കെ പിള്ള ജനിച്ചത്. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്‌കൂളില്‍ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവില്‍ ഇദ്ദേഹത്തോടൊപ്പം പ്രേംനസീര്‍, ഭരത്ഗോപി, ശോഭന പരമേശ്വരന്‍ നായര്‍ തുടങ്ങിയവര്‍ ഈ സ്‌കൂളില്‍ പഠിച്ചിരുന്നു. സഹപാഠിയായ പ്രേംനസീറിന്‍റെ സ്വാധീനത്തിലാണ് സിനിമയിലെത്തയത്.
പ്രേംനസീര്‍ നായകനായ സിനിമകളിലാണ് ജി.കെ പിള്ള വില്ലനായി ഏറ്റവും കൂടുതല്‍ അഭിനയിച്ചതും. 14ാം വയസില്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി. ഇതിനെ പിതാവ് എതിര്‍ത്തതോടെ നാടുവിട്ട് ബ്രിട്ടീഷ് പട്ടാളത്തില്‍ ചേരുകയായിരുന്നു. ജി കെ പിള്ളയുടെ ഭാര്യ ഉത്പലാക്ഷിയമ്മ നേരത്തെ മരണപ്പെട്ടിരുന്നു. പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍ നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹന്‍, പ്രിയദര്‍ശന്‍ എന്നിവര്‍ മക്കളാണ്.
ALSO READ: രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം മഹാരാഷ്‌ട്രയിൽ; മരിച്ചത് നൈജീരിയയിൽ നിന്നെത്തിയ 52കാരൻ