തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ പങ്കെടുക്കുന്ന ലോക കേരളസഭയുടെ മേഖല സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പണപ്പിരിവ്. സംഘാടക സമിതിയുടെ പേരിലാണ് ലക്ഷങ്ങള്‍ പിരിക്കുന്നത്. ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെ പാസുകള്‍ തരം തിരിച്ചാണ് സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ പണം പിരിക്കുന്നത്.
ഗോള്‍ഡന്‍ പാസിന് 82 ലക്ഷം രൂപയും സില്‍വര്‍ പാസിന് 41 ലക്ഷം രൂപയും ബ്രൗണ്‍സ് പാസിന് 20.5 ലക്ഷം രൂപയുമാണ് നിരക്ക്. വലിയ തുക സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നവര്‍ക്ക് സമ്മേളന വേദിയില്‍ അംഗീകാരവും കേരളത്തില്‍ നിന്നുള്ള വിഐപികള്‍ക്കൊപ്പം ഡിന്നറും വാഗ്‌ദാനം ചെയ്യുന്നുണ്ട്. സര്‍ക്കാരിന്‍റെ പ്രതിനിധി ഇല്ലാത്ത സംഘാടക സമിതിയാണ് സര്‍ക്കാര്‍ പരിപാടിക്ക് പണം പിരിക്കുന്നത്. താരിഫ് കാര്‍ഡ് അടക്കം പുറത്തിറക്കിയാണ് ഈ പണപ്പിരിവ്.
ഈ മാസം 9 മുതല്‍ 11 വരെ ന്യൂയോര്‍ക്കിലെ മാരിയറ്റ് മാര്‍ക്കിസ് ഹോട്ടലിലാണ് ലോക കേരളസഭയുടെ മേഖല സമ്മേളനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ മന്ത്രി കെഎന്‍ ബാലഗോപാല്‍, സ്‌പീക്കര്‍ എഎന്‍ ഷംസീര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്‌ണന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പണപ്പിരിവ് കേരളത്തിന് നാണക്കേടെന്ന് പ്രതിപക്ഷ നേതാവ്: മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരളസഭയില്‍ പങ്കെടുക്കുന്നതിന് പണം പിരിക്കുന്നതിന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പണമുള്ളവരെ അടുത്ത് ഇരുത്തുന്നതാണോ കമ്മ്യൂണിസ്റ്റ് രീതിയെന്ന് സതീശന്‍ ചോദിച്ചു. ഇത് കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. ഇത്തരം പരിപാടിക്ക് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യമന്ത്രി പോകരുത്. പ്രവാസികളെ പണത്തിന്‍റെ പേരിൽ വേര്‍തിരിക്കുകയാണ്. ഈ പണപ്പിരിവിന് ആരാണ് അനുമതി നല്‍കിയത്. പണം ഇല്ലാത്തവര്‍ അടുത്ത് വരേണ്ട എന്ന രീതി കേരളത്തിനു തന്നെ നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണം : അമേരിക്കയില്‍ ലോക കേരളസഭ സമ്മേളനത്തിന് താരനിശ മാതൃകയില്‍ നടക്കുന്ന പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ കൂടെ ഇരിക്കാൻ ഒരാളില്‍ നിന്ന് 82 ലക്ഷം രൂപ പിരിച്ചെടുക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം മൗനം പാലിക്കുകയാണ്.
കമഴ്‌ന്നുവീണാല്‍ കാല്‍പ്പണമെന്നത് സിപിഎമ്മിന്‍റെ ജനിതക സ്വഭാവമാണെന്നും സുധാകരന്‍ പരിഹസിച്ചു. ഭരണനിര്‍വഹണം പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്രാജ്യത്വത്തിന്‍റെ ഇരിപ്പിടമായ അമേരിക്കയും തകര്‍ന്നടിഞ്ഞ ക്യൂബയും ലക്ഷങ്ങള്‍ ചെലവഴിച്ച് സന്ദര്‍ശിക്കുന്നതിനു പകരം തൊട്ടടുത്ത കര്‍ണാടകത്തിലേക്കു പോയാല്‍ പ്രയോജനം കിട്ടുമെന്ന് സുധാകരന്‍ പറഞ്ഞു.
സത്യപ്രതിജ്ഞ കഴിഞ്ഞിട്ട് പത്തുദിവസമേ ആയുള്ളുവെങ്കിലും കര്‍ണാടകത്തില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. തന്‍റെ വാഹനം കടന്നുപോകുമ്പോള്‍ മറ്റു വാഹനങ്ങൾ തടഞ്ഞ് ഗതാഗതം തടസപ്പെടുത്തരുതെന്ന മുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവു തന്നെ 40 വാഹനങ്ങളുടെ അകമ്പോടിയോടെ, പോകുന്നിടത്തൊക്കെ ഗതാഗതം തടസപ്പെടുത്തുന്ന പിണറായി വിജയന് പഠിക്കാവുന്ന ഒന്നാന്തരം പാഠമാണ്. കര്‍ണാടകത്തില്‍ നടപ്പാക്കിയ കുടുംബനാഥകള്‍ക്ക് പ്രതിമാസം 2000 രൂപ, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, ഓരോ വീടിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഡിഗ്രിയുള്ള തൊഴില്‍ രഹിതര്‍ക്ക് 3000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും തുടങ്ങിയവയും മാതൃകയാക്കാം.
അതേസമയം, ഭരണനിര്‍വഹണം പഠിക്കാന്‍ പോകുന്ന ക്യൂബയില്‍ 2021 മുതല്‍ ജനങ്ങള്‍ വലിയ പ്രക്ഷോഭത്തിലാണ്. മരുന്നും ഭക്ഷണവും വൈദ്യുതിയും ജനാധിപത്യ അവകാശങ്ങളും തേടി ജനങ്ങള്‍ സമരം നടത്തുമ്പോള്‍ കമ്യൂണിസ്റ്റ് ഭരണകൂടം അടിച്ചമര്‍ത്തുകയാണെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുജനാരോഗ്യ ശൃംഖല തകര്‍ന്ന കിടക്കുന്ന ക്യൂബയില്‍ അവശ്യമരുന്നുകളുടെ അഭാവം രൂക്ഷമാണ്. പ്രതിഷേധിക്കുന്ന കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവപര്യന്തം ശിക്ഷയുമായി ജയിലുകളില്‍ കഴിയുന്നു. 2021-22ല്‍ മാത്രം 2.24 ലക്ഷം ക്യൂബക്കാരാണ് കൊടുംകാടുകളിലൂടെയും ബോട്ടുകളിലും അപകടകരമായി യാത്ര ചെയ്‌ത് അമേരിക്കയിലേക്ക് രക്ഷപ്പെട്ടത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് പുതിയ നിയമം തന്നെ നടപ്പാക്കി. 180 രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തേക്കുറിച്ചുള്ള ലോക മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ 161-ാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയുടെ ചേട്ടനായി ക്യൂബ 172-ാം സ്ഥാനത്താണ്. മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടെയും ആയുസിന്‍റെ സിംഹഭാഗവും അമേരിക്കന്‍ സാമ്രാജ്യത്വത്തെ ആക്രമിക്കാന്‍ ചെലവിട്ടതാണ്. എന്നാല്‍ മിക്ക നേതാക്കളും ചികിത്സയ്ക്കും ഉല്ലാസയാത്രക്കും മക്കളുടെ വിദ്യാഭ്യാസത്തിനും അമേരിക്കയിലേക്കുതന്നെ പോകുന്നു എന്നതു വിധിവൈപരീത്യമാണ്. മുഖ്യമന്ത്രി നെതര്‍ലന്‍ഡില്‍ വെള്ളപ്പൊക്ക നിവാരണവും നോര്‍വെയില്‍ മാലിന്യ സംസ്‌കരണവും പഠിക്കാന്‍ പോയതുപോലെ ഈ സന്ദര്‍ശനം വൃഥാവിലാകാതിരിക്കട്ടെയെന്ന് സുധാകരന്‍ പ്രസ്‌താവനയില്‍ ആശംസിച്ചു.