തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വിമാനത്താവളത്തിൽ നിന്നും കെ.എസ്.ആർ.ടി.സി സൗജന്യ യാത്രാ സൗകര്യമൊരുക്കും. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് യാത്രാ സൗകര്യമൊരുക്കാൻ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നിർദേശം നൽകി.
മൂന്ന് ജില്ലകളിലും കെ.എസ്.ആർ.ടി.സി യൂണിറ്റ് ഓഫീസർമാർ വിമാനത്താവളങ്ങളിലെത്തുന്ന ആളുകളുടെ എണ്ണം, യാത്രാ സമയം, ദൂരം എന്നിവ കണക്കാക്കി ബസുകൾ സജ്ജമാക്കും. ലഗേജ് ഉൾപ്പെടെയുള്ള സാധനങ്ങൾ കയറ്റുന്നതിന് സൗകര്യപ്രദമായ ലോ-ഫ്ലോർ, എസി ബസുകളാണ് വിമാനത്താവളങ്ങളിൽ സജ്ജമാക്കുന്നത്. ഡി.ടി.ഒമാർക്കാണ് ഏകോപന ചുമതല. ബസുകൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ കലക്‌ടർമാരെ അറിയിക്കണമെന്നും കെ.എസ്.ആർ.ടി.സി എം.ഡി നിർദേശം നൽകി. ഡീസലിന് ചെലവാകുന്ന തുക ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് കെ.എസ്.ആർ.ടി.സിക്ക് നൽകുന്നത്. അബുദാബി, റിയാദ്, ദോഹ, ദുബായ് എന്നിവിടങ്ങളിൽ നിന്നാണ് പ്രവാസി മലയാളികളുമായി നാളെ ആദ്യ വിമാനം പുറപ്പെടുന്നത്.