തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ബിരുദ കോഴ്‌സ് നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഘടനയിലെ സമഗ്രമായ മാറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൂന്നുവർഷം പൂർത്തിയാക്കുന്നവർക്ക് ബിരുദ സർട്ടിഫിക്കറ്റ് നൽകും. നാലുവർഷവും പൂർത്തിയാക്കുന്നവർക്ക് അവസാന കൊല്ലം, പിജിയുടെ രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നൽകുമെന്നും മന്ത്രി അറിയിച്ചു.
നാലാം വർഷം പൂർണമായും ഗവേഷണത്തിനും പ്രൊജക്‌ട് വർക്കുകൾക്കുമായി മാറ്റിവയ്ക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്രമായ മാറ്റമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി വിശദമായ പരിശോധനകളും ചർച്ചകളും നടക്കുകയാണ്.
നാലാം വർഷം പൂർണമായും ഗവേഷണത്തിന് പ്രാധാന്യം നൽകുന്നതിനാൽ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.