തിരുവനന്തപുരം: ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികൾക്ക് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ മുൻ ദേശീയ ഗുണനിലവാര മോണിറ്റർക്ക് തടവും പിഴയും. മുൻ ദേശീയ ഗുണനിലവാര മോണിറ്റർ ശൈലേന്ദ്ര കുമാറിനാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി നാലു വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചത്.
കൊല്ലം, പത്തനംതിട്ട ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികൾ കൃത്യമായി നടപ്പാക്കിയില്ലെങ്കിലും കോൺട്രാക്ടർമാരുടെ പക്കൽ നിന്നും കൈക്കൂലി വാങ്ങി ഇവയ്ക്കുള്ള അനുമതി നൽകുകയും അതേസമയം, നിർമ്മാണം വളരെ വേഗത്തിൽ നശിക്കുകയും ചെയ്യുകയും ചെയ്തിരുന്നു.
ഇതേ തുടർന്ന് നിരവധി പരാതികൾ വരികയും സംഭവം വിവാദമായതോടെ സിബിഐ കേസ് ഏറ്റെടുക്കുകയുമായിരുന്നു. 2015ലാണ് സംഭവം. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഗുണനിലവാര മോണിറ്ററെ നിയമിച്ചത്. പ്രതി ഉത്തർപ്രദേശിലെ മുൻ ചീഫ് എഞ്ചിനീയർ ആയി ജോലി ചെയ്‌തു വരുമ്പോഴാണ് കേരളത്തിലെ ദേശിയ പാതകൾ മോണിറ്റർ ചെയ്യുവാനുള്ള ചുമതല കേന്ദ്രം നൽകുന്നത്.
കേരളത്തിലെ രണ്ടു ജില്ലകളുടെ റോഡുകളുടെ ഗുണനിലവാരം നോക്കുവാൻ പ്രതി മാസം തുടരും യു.പിയിൽ നിന്നും കേരളത്തിൽ എത്തുമായിരുന്നു. 2015 ൽ അന്വേഷണം പൂർത്തിയാക്കി സിബിഐ കൊച്ചിൻ യൂണിറ്റ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.