ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ അതൃപ്‌തി അറിയിച്ച് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. കേരളത്തിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുമ്പോള്‍ നിയമത്തോട് അനുകൂലിക്കുന്ന നിലപാടാണ് കേരള ഗവര്‍ണര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ മുഖ്യമന്ത്രി പരിഗണിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. നിയമസഭയില്‍ അവതരിപ്പിച്ച നയപ്രഖ്യപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരായ ഭാഗം ഗവര്‍ണറെ കൊണ്ട് വായിപ്പിച്ചുവെന്നാണ് ഭരണപക്ഷം പറയുന്നത്. എന്നാല്‍ അത് ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ പാസാക്കിയ പ്രമേയമാണെന്നും അത് ഗവര്‍ണറെകൊണ്ട് വായിപ്പിച്ചുവെന്നത് വലിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടി പോര് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം. ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവര്‍ പങ്കെടുക്കും.