തിരുവനന്തപുരം: തന്‍റെ ഭാവി രാഷ്‌ട്രീയം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടിയും ജനങ്ങളും തനിക്ക് അര്‍ഹിക്കുന്നതിലും കൂടുതല്‍ സ്‌നേഹവും പരിഗണനയും തന്നിട്ടുണ്ട്. അക്കാര്യത്തില്‍ താന്‍ പൂര്‍ണ സംതൃപ്‌തനാണ്. ദൈവത്തോടും ജനങ്ങളോടും താന്‍ നന്ദി പറയുകയാണെന്ന് നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സന്ദര്‍ഭത്തില്‍ ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയാരെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല മികച്ച പ്രവര്‍ത്തനമാണ് കാഴ്‌ച വയ്ക്കുന്നത്.
സോളാര്‍ കേസില്‍ തന്‍റെ ഭാഗത്ത് തെറ്റില്ലെന്ന് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. തന്‍റെ ഭാഗത്ത് ഒരു ശതമാനമെങ്കിലും തെറ്റുണ്ടെങ്കില്‍ ഈ നിലയില്‍ തനിക്ക് മുന്നോട്ട് പോകാനാകുമായിരുന്നില്ല. 10,000 കോടി രൂപയുടെ അഴിമതി സോളാര്‍ കേസുമായി ബന്ധപ്പെട്ട് താന്‍ നടത്തിയിട്ടുണ്ടെന്നും അത് തടഞ്ഞത് തങ്ങളാണെന്നുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി നേതാക്കള്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട 700 ലേറെ ഫയലുകള്‍ അവര്‍ അധികാരത്തില്‍ വന്ന ശേഷം പരിശോധിച്ചു. താന്‍ തെറ്റ് ചെയ്‌തുവെന്ന് തെളിയിക്കുന്ന ഒരു കടലാസ് കഷണം പുറത്ത് കൊണ്ടുവരാന്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ, താന്‍ തെറ്റു ചെയ്‌തിട്ടില്ലെന്നതിന് ഈ സര്‍ക്കാരിന്‍റെ നടപടി തന്നെയാണ് തെളിവ്.
അടിയന്തരാവസ്ഥക്കാലത്ത് പാര്‍ട്ടിയില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിന്‍റെ പേരിലാണ് കെ. കരുണാകരനും താനുമായി ആദ്യമായി പിണങ്ങുന്നത്. അന്ന് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും കെ. കരുണാകരന്‍റെ സമീപനങ്ങള്‍ക്കെതിരെ രംഗത്ത് വന്നപ്പോള്‍ അതിനൊപ്പം തനിക്ക് നില്‍ക്കേണ്ടി വന്നു. പാമോയില്‍ കേസില്‍ കെ. കരുണാകരനെ കുരുക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മാത്രമല്ല അക്കാര്യത്തില്‍ അദ്ദേഹം ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന് പൂര്‍ണ ബോധ്യമുള്ള ആളാണ് താന്‍. ഇക്കാര്യം പൂര്‍ണ ബോധ്യമുള്ളത് കൊണ്ടാണ് രണ്ട് തവണ മുഖ്യമന്ത്രിയായപ്പോഴും താന്‍ ഈ കേസ് പിന്‍വലിച്ചത്. ചാരക്കേസിലും കെ. കരുണാകരന്‍ തെറ്റു ചെയ്‌തിട്ടില്ലെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ട്. 1992ലെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.കെ ആന്‍റണിക്ക് കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം നഷ്‌ടപ്പെട്ടത് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന വലിയൊരു വിഭാഗത്തിന് വേദനയുണ്ടാക്കി. പിന്നാലെ രാജ്യസഭയിലേക്ക് എം.എ കുട്ടപ്പന് സീറ്റ് നിഷേധിക്കുന്ന സാഹചര്യവുമുണ്ടായി. ഈ സാഹചര്യത്തില്‍ കരുണാകരനൊപ്പം നിലകൊണ്ട ചില നേതാക്കള്‍ കൂടി തങ്ങളുടെ പക്ഷത്തേക്ക് വന്നു. അവര്‍ കരുണാകരന്‍ ശൈലി മാറ്റണമെന്നാവശ്യപ്പെട്ടു. അതിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് ഇടപെട്ട് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. 1995ല്‍ കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത് പാമോയില്‍ കേസോ ചാരക്കേസോ മൂലമല്ല. രാഷ്‌ട്രീയം പരസ്‌പരം ഏറ്റുമുട്ടലിന് വേണ്ടിയല്ലെന്നും അത് ജനനന്മക്കും നാടിന്‍റെ വികസനത്തിനും ആയിരിക്കണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.