തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബാങ്കിന്‍റെ ജപ്‌തി നടപടിയെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കി വീട്ടമ്മ. അയിര ആർഎസ്എസ് ഭവനിൽ പരേതനായ സി ആർ രാജന്‍റെ ഭാര്യ സെൽവിയാണ് വീടിന് മുകളിൽ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇവരെ പിന്നീട് വിഎസ്‌ഡിപി പ്രവർത്തകർ വാതില്‍ തകർത്ത് അകത്തുകയറി അനുനയിപ്പിച്ചു.
വെള്ളറട വിജയ ബാങ്കിൽ നിന്ന് 2004 ലാണ് സെൽവിയുടെ ഭർത്താവ് രാജൻ അഞ്ച് ലക്ഷം രൂപ വായ്‌പ എടുത്തത്. ആറര ലക്ഷം രൂപയോളം ഇതിനോടകം അടച്ച രാജൻ കടക്കെണിയെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇനിയും ആറ് ലക്ഷത്തോളം രൂപ അടയ്ക്കണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ബാങ്ക് അധികൃതരെത്തി വീട് പൂട്ടി. വീട്ടുകാർ ഇല്ലാത്ത സമയത്തായിരുന്നു ബാങ്ക് നടപടി. ഇന്നലെ രാത്രി മുഴുവൻ വീടിന് മുന്നിൽ കഴിച്ചുകൂട്ടിയ സെൽവി ഇന്ന് ആത്മഹത്യ ഭീഷണി മുഴക്കി വീടിന് മുകളിൽ കയറുകയായിരുന്നു. പൊഴിയൂർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.