തിരുവനന്തപുരം: അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളിലേക്കുള്ള കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. പൊതു വിദ്യാഭ്യാസ യജ്ഞത്തിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള വിദ്യാര്‍ഥികളുടെ എണ്ണം കൂടിയതെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. 2019 -2020 അധ്യയന വര്‍ഷത്തില്‍ 37.17 ലക്ഷം കുട്ടികളാണ് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത്. കഴിഞ്ഞ വര്‍ഷം ഇത് 37.03 ലക്ഷം ആയിരുന്നു. 163558 കുട്ടികളാണ് ഇക്കൊല്ലം കൂടുതലായി ചേര്‍ന്നിരിക്കുന്നത്.
ഇതോടൊപ്പം സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന്‍റെ നിരക്ക് 0.22 ശതമാനമായി കുറഞ്ഞു. എന്നാല്‍ ഇടുക്കി, വയനാട് ജില്ലകളില്‍ ഇപ്പോഴും കൊഴിഞ്ഞുപോക്ക് തുടരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കില്‍ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.