തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ കേരളത്തിന് അനുവദിച്ച റവന്യു കമ്മി ഗ്രാന്‍റില്‍ 6700 കോടി രൂപ വെട്ടി കുറച്ചുവെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ ബജറ്റ് പരമാര്‍ശം തെറ്റെന്ന് തെളിയിക്കുന്ന നിയമസഭ രേഖകള്‍ പുറത്ത്. ബജറ്റ് പ്രസംഗത്തിന്‍റെ ഒന്‍പതാം ഖണ്ഡികയിലാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തുന്നതിനെ ന്യായീകരിക്കുന്നതിനായി ബജറ്റിന്‍റെ ആദ്യഖണ്ഡികയില്‍ തന്നെ ധനമന്ത്രി ഈ പരാമര്‍ശം നടത്തിയത്. കേന്ദ്രം സംസ്ഥാനത്തിനുള്ള ധനസഹായം വെട്ടിക്കുറയ്ക്കുന്നു എന്ന് തെളിയിക്കുന്നതിനായിരുന്നു മന്ത്രിയുടെ ഈ പരാമര്‍ശം.
ധനമന്ത്രിയുടെ തെറ്റായ ആരോപണം: കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 24ന് 15-ാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തില്‍ ഐ.സി ബാലകൃഷ്‌ണന്‍ ഉന്നയിച്ച ചോദ്യത്തിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നല്‍കിയ മറുപടി മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ ആരോപണം പൊളിക്കുന്നതാണ്. ധനകാര്യ കമ്മിഷന്‍ കേരളത്തിന് റവന്യൂ കമ്മി ഗ്രാന്‍റില്‍ 2020-25 വര്‍ഷത്തില്‍ നിശ്ചയിച്ചിരിക്കുന്നത് 53,137 കോടി രൂപയാണ്. ഇതില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയ 15,323 കോടി രൂപ മുഴുവനും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയ 19,891 കോടി രൂപ മുഴുവനും ലഭിച്ചു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയ 13,174 കോടി രൂപയില്‍ 4391.33 കോടി രൂപ ഉള്‍പ്പെടെ ഇതിനകം 39,605 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു കഴിഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയ 13,174 കോടി രൂപയുടെ ബാക്കി തുക ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തിന് ലഭിക്കും എന്ന് മുന്‍ വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ കണക്ക് പ്രകാരം ഓരോ വര്‍ഷവും നിശിചയിച്ച തുക അതാത് വര്‍ഷം ലഭിച്ചിട്ടുമുണ്ട്. ഇതിന് ധനമന്ത്രി തന്നെ നിയമ സഭയില്‍ സമര്‍പ്പിച്ച രേഖയുടെ പിന്‍ബലമുള്ളപ്പോഴാണ് ഇതിന് വിരുദ്ധമായി റവന്യൂ കമ്മി ഗ്രാന്‍റില്‍ 6700 കോടി രൂപ വെട്ടിക്കുറച്ചെന്ന് മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.
ധനകാര്യ കമ്മിഷന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ റവന്യൂ കമ്മി ഗ്രാന്‍റ്: പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം റവന്യൂ കമ്മി ഗ്രാന്‍റ് 5 വര്‍ഷത്തേക്ക് ഏറ്റവും കൂടുതല്‍ അനുവദിക്കപ്പെട്ടിട്ടുള്ള സംസ്ഥാനവും കേരളമാണ്. അതായത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പോലും കേരളത്തിന്‍റെ അത്രയും റവന്യൂ കമ്മി ഗ്രാന്‍റ് അനുവദിച്ചിട്ടില്ലെന്ന് ചുരുക്കം. കേരളത്തിന് തൊട്ടുപിന്നിലുള്ള ഹിമാചല്‍പ്രദേശിന് 5 വര്‍ഷത്തേക്ക് വകയിരുത്തിയത് 48,630 കോടി രൂപയും മൂന്നാം സ്ഥാനത്തുള്ള പശ്ചിമ ബംഗാളിന് 45,128 കോടി രൂപയും നാലാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശിന് 36,394 കോടി രൂപയും അഞ്ചാം സ്ഥാനത്തുള്ള പഞ്ചാബിന് വകയിരുത്തിയത് 33,627 കോടി രൂപയുമാണ്.
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന് വെറും 14,740 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ഗോവ, അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കും കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന ഛത്തീസ്‌ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും റവന്യൂ കമ്മി ഗ്രാന്‍റ് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ വകയിരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതില്‍ നിന്ന് തന്നെ ഇത്തരം വിഹിതങ്ങള്‍ ധനകാര്യ കമ്മിഷന്‍ നിശ്ചയിക്കുന്നത് സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അടിസ്ഥാനത്തിലല്ല, ഇത്തരം വരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വീതം വയ്‌ക്കേണ്ട പൊതു മാനദണ്ഡ പ്രകാരം എന്നതും ശ്രദ്ധേയമാണ്.
മാത്രമല്ല, 2015-20 ധനകാര്യ വര്‍ഷത്തില്‍ സംസ്ഥാനത്തിന് ധനകാര്യ കമ്മിഷന്‍ നിശിചയിച്ച റവന്യൂ കമ്മി വിഹിതം മുഴുവന്‍ ലഭിച്ചിട്ടുണ്ടെന്നും നിയമസഭയിലെ ധനമന്ത്രിയുടെ ഉത്തരം വ്യക്തമാക്കുന്നു. ധനകമ്മിഷന്‍റെ കണക്കുകള്‍ ആധാരമാക്കിയാണ് ഇതെന്നും ഉത്തരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2020ജി.എസ്.ടി നഷ്‌ട പരിഹാരം അവസാനിച്ചതിന്‍റെ ഫലമായി നടപ്പ് വര്‍ഷം 7000 കോടി രൂപയുടെ കുറവുണ്ടായി എന്ന ബജറ്റ് പ്രസംഗത്തിലെ മന്ത്രിയുടെ ആരോപണവും അടിസ്ഥാന രഹിതമാണെന്ന് സാമ്പത്തിക വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. 2017 ജിഎസ്‌ടി നടപ്പാക്കുന്നതിന് മുന്നോടിയായി രൂപീകരിച്ച ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തില്‍ കേരളത്തിന്‍റെ അന്നത്തെ ധനമന്ത്രി ഡോ.തോമസ് ഐസക്ക് ആവശ്യപ്പെട്ടത് ജിഎസ്‌ടി നഷ്‌ട പരിഹാരം 5 വര്‍ഷത്തേക്ക് മതിയെന്നായിരുന്നു.
ഇതനുസരിച്ചുള്ള 5 വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞതിനാല്‍ കേരളത്തിന് ഇനി ജിഎസ്‌ടി നഷ്‌ട പരിഹാരത്തിന് അര്‍ഹതയില്ല. ഇത് മറച്ചു വച്ചാണ് ജിഎസ്‌ടി നഷ്‌ട പരിഹാരം കേന്ദ്രം അവസാനിപ്പിച്ചു എന്ന വിചിത്രവാദം മന്ത്രി ബജറ്റ് പ്രസംഗത്തിന്‍റെ 10 ഖണ്ഡികയില്‍ ഉയര്‍ത്തുന്നത്. ഇതെല്ലാം ബജറ്റില്‍ ഏര്‍പ്പെടുത്തിയ അധിക നികുതിയെ ന്യായീകരിക്കാനുള്ള വെമ്പലാണെന്നാണ് പ്രതിപക്ഷ ആരോപണം.